| Monday, 21st July 2025, 8:45 am

മീരാജാസ്മിന്റെ നായകനായി വന്ന എന്നെ അന്ന് എല്ലാവരും ശ്രദ്ധിക്കുമെന്ന് കരുതി: ഇര്‍ഷാദ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായകനായും സഹനടനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേതാവാണ് ഇര്‍ഷാദ് അലി. സിബി മലയില്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ പ്രണയവര്‍ണങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഇര്‍ഷാദ് തന്റെ കരിയര്‍ ആരംഭിച്ചത്.

മീരാജാസ്മിന്‍, ഇര്‍ഷാദ് അലി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തി 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പാഠം ഒന്ന് ഒരു വിലാപം. മീരാജാസ്മിന് നാഷണല്‍ അവാര്‍ഡ് നേടി കൊടുത്ത് ചിത്രം കൂടിയാണിത്. ഇപ്പോള്‍ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ തന്റെ ജീവിതം മാറിമറയുമെന്ന് താന്‍ വിചാരിച്ചുവെന്ന് ഇര്‍ഷാദ് പറയുന്നു.

മീരാജാസ്മിന്റെ നായകനായിവന്ന തന്നെ എല്ലാവരും ശ്രദ്ധിക്കുമെന്ന് കരുതിയെന്നും എന്നാല്‍ ഒന്നും തന്നെ നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുവര്‍ഷത്തോളം സിനിമയൊന്നുമില്ലാതെ നടന്നുവെന്നും വിളിച്ച് അവസരം ചോദിക്കാന്‍ അതിനുവേണ്ട ബന്ധങ്ങളൊന്നും ഉണ്ടാക്കിയതുമില്ലെന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.

ടി.വി ചന്ദ്രനുമായി ഒരിക്കല്‍ സംസാരിച്ചെന്നും തനിക്ക് ഇപ്പോള്‍ സിനിമയൊന്നും ഇല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞെന്നും ഇര്‍ഷാദ് പറയുന്നു. ടി.വി. ചന്ദ്രനാണ് തന്നോട് സീരിയലിന്റെ കാര്യം പറഞ്ഞതെന്നും പിന്നീട് താന്‍ കുറച്ച് സീരിയലുകളില്‍ അഭിനയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു ഇര്‍ഷാദ് അലി.

‘പാഠം ഒന്ന്: ഒരു വിലാപം’ കഴിഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചു, ഈ സിനിമയോടെ എന്റെ ജീവിതം മാറിമറിയുമെന്ന്. മീരാജാസ്മിന്റെ നായകനായിവന്ന എന്നെ എല്ലാവരും ശ്രദ്ധിക്കുമെന്ന് കരുതി. ഒന്നും നടന്നില്ല. ഒരുവര്‍ഷത്തോളം സിനിമയൊന്നുമില്ലാതെ നടന്നു. വിളിച്ച് അവസരം ചോദിക്കാന്‍ അതിനുവേണ്ട ബന്ധങ്ങളൊന്നും ഉണ്ടാക്കിയതുമില്ല. ഒരിക്കല്‍ രാമുകാര്യാട്ട് അവാര്‍ഡ് വാങ്ങാന്‍ തൃശ്ശൂരെത്തിയ ചന്ദ്രേട്ടനുമായി (ടി.വി ചന്ദ്രന്‍) സംസാരിച്ചു.

സിനിമയൊന്നും ഇല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. ‘ഇവിടെ ഇഷ്ടംപോലെ സീരിയലുകള്‍ തുടങ്ങിയിട്ടുണ്ട്. ചെന്ന് അഭിനയിക്ക്. സിനിമകിട്ടുന്നതും പ്രതീക്ഷിച്ചിരുന്നാല്‍ ജീവിതം മുന്നോട്ട് പോകില്ല.’ അതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കല്യാണം കഴിഞ്ഞ് മോനൊക്കെ ആയ സമയമാണ്. അന്ന് വൈകുന്നേരം രാമനിലയത്തില്‍ നില്‍ക്കുമ്പോള്‍ ഒരു കോള്‍ വന്നു. സെവന്‍ ആര്‍ട്സിന്റെ ‘ചന്ദ്രോദയം’ എന്ന സീരിയലിലേക്ക് ക്ഷണിച്ചുകൊണ്ട്. പിന്നെ സീരിയലുകളില്‍ കുറെക്കാലം അഭിനയിച്ചു,’ ഇര്‍ഷാദ് അലി പറയുന്നു.

Content Highlight: Irshad ali says that he thought his life would change when he acted in the film Patham Onna Oru Vilapam.

We use cookies to give you the best possible experience. Learn more