| Monday, 14th July 2025, 10:05 am

ആ സിനിമയിലൂടെ ലാലേട്ടനെ 'എടാ' എന്ന് വിളിക്കാവുന്ന നിലയിലേക്ക് ഞാന്‍ മാറി: ഇര്‍ഷാദ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായക നടനായും സഹനടനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേതാവാണ് ഇര്‍ഷാദ് അലി. സിബി മലയില്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തുവന്ന ‘പ്രണയവര്‍ണങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് ഇര്‍ഷാദ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ടി. വി. ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2003ല്‍ പുറത്തിറങ്ങിയ പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തില്‍ ഇര്‍ഷാദ് ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

അടുത്തിടെ ഇറങ്ങി വന്‍ വിജയമായി തീര്‍ന്ന മോഹന്‍ലാല്‍ ചിത്രം തുടരുമില്‍ ഇര്‍ഷാദും അഭിനയിച്ചിരുന്നു. ഷാജി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. തുടരും തന്റെ കരിയറിലെ ഭാഗ്യമായിട്ടാണ് താന്‍ കാണുന്നതെന്ന് ഇര്‍ഷാദ് പറയുന്നു. സിനിമയില്‍ അത്ര വലിയ കഥാപാത്രമൊന്നുമല്ല താന്‍ ചെയ്തതെന്നും എന്നാല്‍, മോഹന്‍ലാലിനെ എടാ എന്ന് വിളിക്കാവുന്ന നിലയിലേക്ക് താന്‍ മാറി എന്നതാണ് ആ സിനിമയുടെ സന്തോഷമെന്നും ഇര്‍ഷാദ് പറയുന്നു.

മുമ്പ് സുഹൃത്തായും വഞ്ചകനായുമൊക്കെ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും ഇര്‍ഷാദ് പറഞ്ഞു. ഷാജി ചെറിയ കഥാപാത്രമാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും പക്ഷേ, സംവിധായകന്‍ തരുണ്‍ എപ്പോഴും താന്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന സീനുകളൊക്കെ നല്ല രസമാണെന്ന് പറയാറുണ്ടായിരുന്നുവെന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കരിയറിലെ ഭാഗ്യമായിട്ടാണ് ‘തുടരും’ സിനിമയെ കാണുന്നത്. സിനിമയില്‍ അത്ര വലിയ കഥാപാത്രമൊന്നുമായിരുന്നില്ല. പക്ഷേ, ലാലേട്ടനെ ‘എടാ’ എന്ന് വിളിക്കാവുന്ന നിലയിലേക്ക് ഞാന്‍ മാറി എന്നതാണ് ആ സിനിമയുടെ സന്തോഷം. മുന്‍പ് സുഹൃത്തായും വഞ്ചകനായുമൊക്കെ അദ്ദേഹത്തിനൊപ്പം അഭിനയിച്ചു. ‘പരദേശി’യില്‍ മകനുമായി. എന്നാല്‍, അതിനെക്കാളൊക്കെ സന്തോഷം ‘ഷാജി’ നല്‍കുന്നു.

ഷാജി ചെറിയ കഥാപാത്രമാണെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ, സംവിധായകന്‍ തരുണ്‍ എപ്പോഴും പറയും, ‘ഇക്കാ, നിങ്ങള്‍ ലാലേട്ടനൊപ്പം നില്‍ക്കുന്ന സീനുകളൊക്കെ നല്ല രസമുണ്ട്.’ അത് ഭയങ്കര സന്തോഷം നല്‍കി. അതിനൊക്കെയുപരി ലാലേട്ടന്റെ വലിയ രണ്ട് ചിത്രങ്ങളില്‍ ഭാഗമായി എന്ന സന്തോഷവുമുണ്ട്. ‘ദൃശ്യ’ത്തില്‍ ജോര്‍ജുകുട്ടിയോട് അനുകമ്പയുള്ള പൊലീസുകാരന്റെ റോളായിരുന്നു എന്റേത്. അതെല്ലാം ജീവിതത്തിലെ മഹാഭാഗ്യമായിത്തന്നെ കാണുന്നു,’ ഇര്‍ഷാദ് അലി പറയുന്നു.

Content highlight: Irshad Ali says he is lucky to be a part of the film Thudarum

We use cookies to give you the best possible experience. Learn more