| Sunday, 5th July 2026, 4:09 pm

ഇവിടെ 10 പടം ചെയ്താൽ കിട്ടുന്ന പൈസയാണ് തെലുങ്കിൽ ഒരു പടം ചെയ്യുമ്പോൾ കിട്ടുന്നത്: ഇർഷാദ് അലി

കെ.എസ് ഷാബിന

ടെലിവിഷൻ സീരിയലുകളിലൂടെ കരിയർ ആരംഭിച്ച്, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ സജീവമായി തുടരുന്ന നടനാണ് ഇർഷാദ് അലി. സിബി മലയിൽ സംവിധാനം ചെയ്ത ‘പ്രണയവർണ്ണങ്ങൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളികൾക്ക് പ്രിയങ്കരനായി മാറി.

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായ ‘ദൃശ്യം’ എന്ന ചിത്രത്തിലും ഇർഷാദ് ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. സുരേഷ് ബാബു എന്ന പൊലീസ് ഓഫീസറായി ചിത്രത്തിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട രംഗങ്ങളിലൊന്നിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.

ഇർഷാദ് അലി.Photo;Screengrab/Youtube

മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും ഇർഷാദ് ആലി സജീവമായി അഭിനയിക്കാറുണ്ട്. അന്യ ഭാഷ ചലച്ചിത്ര മേഖലയിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് തമിഴ് സിനിമകൾ ചെയ്യാൻ വളരെ താല്പര്യമുണ്ട്. തെലുങ്ക് എന്നെ ഒട്ടും എക്സൈറ്റ് ചെയ്യിക്കാറില്ല. ഹിന്ദിയിൽ നല്ല സിനിമകൾ ഉണ്ടാവാറുണ്ട്. ‘ഓപ്പറേഷൻ ജാവ’ എന്ന സിനിമ ഇറങ്ങിയ സമയത്ത് ഹിന്ദിയിൽ നിന്ന് നെറ്റ്ഫ്ലിക്സിലെ ഒരു വെബ് സീരീസിലേക്ക് എനിക്ക് വിളി വന്നിരുന്നു. എന്നാൽ ‘ഹിന്ദി നഹീ മാലും’ (ഹിന്ദി അറിയില്ല) എന്ന് പറഞ്ഞ് ഞാൻ അതിൽ നിന്ന് ഒഴിവായി. അവിടെയൊക്കെ സിങ്ക് സൗണ്ടാണ് ഉപയോഗിക്കുന്നത്. നമ്മൾ മലയാളം തന്നെ കറക്റ്റ് ആയിട്ട് പറയാൻ പാടുപെടുമ്പോഴാണ് ഹിന്ദി. നമുക്ക് ഭാഷ കൈയ്യിലില്ലെങ്കിൽ ഒരു കോൺഫിഡൻസ് കിട്ടില്ല.

ഇർഷാദ് അലി.Photo;Screengrab/Youtube

ഞാൻ തെലുങ്കിൽ ഒരു പടം ചെയ്തിട്ടുണ്ട്; നാഗചൈതന്യയുടെ ഒരു ചിത്രത്തിൽ അഭിനയിച്ചു. ആ സിനിമ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് അഭിനയിച്ചു തീർത്തതാണ്. അതിനുശേഷം തെലുങ്കിലേക്ക് പോകാനേ തോന്നിയിട്ടില്ല. സത്യം പറഞ്ഞാൽ തെലുങ്കിൽ പോയാൽ നല്ല സുഖമാണ്, മികച്ച പ്രതിഫലവും ലഭിക്കും.

ഇവിടെ പത്ത് പടം ചെയ്യുന്ന പൈസ അവിടെ ഒരൊറ്റ പടം കൊണ്ട് കിട്ടും. പക്ഷേ, ഈ കമ്മ്യൂണിക്കേഷൻ ഭയങ്കര പ്രശ്നമാണ്. തെലുങ്കുകാർക്ക് കന്നഡ പോലെയാണ് മലയാളികൾക്ക് തമിഴ്. നമുക്ക് കുറച്ചുകൂടി ഫ്ലുവന്റ് ആയിട്ട് സംസാരിക്കാൻ പറ്റുന്ന ഭാഷയാണ് തമിഴ്. അതുകൊണ്ട് തമിഴിൽ ഒന്നുകൂടി എന്റെ കരിയർ ഡെവലപ്പ് ചെയ്യണമെന്നുണ്ടെന്ന്’ ഇർഷാദ് അലി പറഞ്ഞു.

Content Highlight:Irshad Ali said one Telugu film pays the same as ten Malayalam films

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more