| Monday, 12th May 2025, 9:00 am

തൃക്കാക്കര നഗരസഭയില്‍ കോടികളുടെ ക്രമക്കേട്; 7.5 കോടി രൂപ കാണാനില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ കോടികളുടെ ക്രമക്കേട് നടന്നെന്ന് കണ്ടെത്തൽ. യു.ഡി.എഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയില്‍ വരുമാനമായി ലഭിച്ച 7.5 കോടി രൂപ കാണാനില്ലെന്ന് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 2023- 24 ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ക്രമക്കേട് കണ്ടെത്തിയത്.

2021 മുതൽ 361 ചെക്കുകളിൽ നിന്നായി ലഭിച്ച പണം നഗരസഭാ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ. നികുതി, ഫീസ് തുടങ്ങിയ ചെക്കുകളില്‍ നിന്നുള്ള പണമാണിത്. സംഭവത്തിൽ ഉദ്യോഗസ്ഥർ വിശദീകരണം നൽകിയില്ലെന്നും ഓഡിറ്റ് വകുപ്പ് പറയുന്നു. 2023 ലെ ഓണാഘോഷ പരിപാടികളിൽ ക്രമക്കേടുകൾ നടന്നെന്നും കണ്ടെത്തിയിട്ടുണ്ട്.

നഗരസഭ 7,50,62,050 രൂപ സ്വീകരിച്ചതിന് തെളിവ് ഉണ്ടെങ്കിലും, ഈ തുക പണമായി അക്കൗണ്ടില്‍ കയറിയിട്ടില്ല. ഇത്രയും വലിയ തുക ചിലവഴിച്ചതായി രേഖകളില്‍ കണ്ടെത്താനും സാധിച്ചിട്ടില്ല. ജില്ലാ ഓഡിറ്റ് വകുപ്പിന്റെ 2023- 2024ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്.

ഈ തുക അക്കൗണ്ടില്‍ എത്താത്തതില്‍ നഗരസഭാ അധികൃതര്‍ ഗൗരവമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്കില്‍ 2021 മുതല്‍ കളക്ഷന് നല്‍കിയ ചെക്കുകളും ഇതുവരെ പണമായി അക്കൗണ്ടില്‍ ക്രെഡിറ്റായിട്ടില്ലെന്നും ഓഡിറ്റില്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ച പല സ്ഥാപനങ്ങളും ഇപ്പോഴും ലൈസന്‍സ് ഇല്ലാതെ നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്നതും ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തി.

2021 കാലഘട്ടത്തിൽ നഗരസഭക്ക് 361 ചെക്കുകളാണ് ലഭിച്ചത് 2023 ൽ 137 ചെക്കുകൾ ലഭിച്ചിട്ടുണ്ട്. ഈ ചെക്കുകൾ ആരാണ് മാറിയതെന്നോ ആരാണ് പണം കൈകാര്യം ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങൾ ഒന്നും ലഭ്യമല്ല. ഓണാഘോഷത്തിന്റെ പേരിൽ 22,2500 രൂപയാണ് ഓണാഘോഷത്തിന്റെ പേരിൽ വൗച്ചറായി ഒപ്പിട്ട് നൽകിയിരിക്കുന്നത്.

ഒരേ വൗച്ചറിൽ ഒരേ ഒപ്പിട്ടുകൊണ്ട് ആളുകൾ ഇത്രയും പണം തട്ടിച്ചിരിക്കുകയാണ്. സാധാരണ 10,000 രൂപയിൽ കൂടുതൽ നൽകുമ്പോൾ അത് ബാങ്ക് അക്കൗണ്ട് വഴിയാണ് നൽകേണ്ടത്. വൗച്ചർ വഴി നല്കാൻ സാധിക്കില്ല.

Content Highlight: Irregularities worth crores in Thrikkakara Municipality; Audit report says Rs 7.5 crore missing

We use cookies to give you the best possible experience. Learn more