| Thursday, 21st August 2025, 10:18 am

ഹിസ്ബുള്ളയെ പിന്തുണച്ചെന്ന് ആരോപണം: ഐറിഷ് റാപ് ബാന്‍ഡ് നീകാപ്പ് അംഗത്തിനെതിരെയുള്ള തീവ്രവാദ കുറ്റത്തില്‍ വന്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.കെ: ഹിസ്ബുള്ളയെ പിന്തുണച്ചെന്ന് ആരോപിച്ച് ഐറിഷ് റാപ് ബാന്‍ഡ് നീകാപ്പ് അംഗത്തിലൊരാളായ ലിയാം ഓ ഹന്നക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി യു.കെ കോടതി. നടപടിയെ തുടര്‍ന്ന് ബുധനാഴ്ച ബാന്‍ഡ്‌മേറ്റ്‌സ് നവോയിസ് ഒ കെയ്‌റല്ലെയ്ന്‍, ജെ.ജെ ഒ ഡോചാര്‍ട്ടൈഗ് എന്നിവര്‍ക്കൊപ്പം കോടതിയില്‍ എത്തിയപ്പോള്‍ നൂറുകണക്കിന് നീകാപ്പ് പിന്തുണക്കാര്‍ പതാകകള്‍ വീശിയും ബാനറുകള്‍ പിടിച്ചും ഓ ഹന്നൈദിനെ സ്വീകരിച്ചു.

നവംബറില്‍ ‘മോ ചാര’ എന്ന സ്‌റ്റേജ് പരിപാടിയില്‍ 27കാരനായ റാപ്പര്‍ ഹിസ്ബുള്ള പതാക പ്രദര്‍ശിപ്പിച്ചതിനാണ് കുറ്റം ചുമത്തപ്പെട്ടത്.

എന്നാല്‍ അദ്ദേഹത്തിനെതിരായ കുറ്റം ചുമത്തിയതിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി കേസ് തള്ളണമെന്ന് പ്രതിഭാഗം വാദിച്ചു. മെയ് 21ന് പ്രതിക്കെതിരെ തീവ്രവാദ കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചപ്പോള്‍ അയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ അനുമതി നല്‍കിയില്ലെന്ന് ബ്രെന്‍ഡ കാംബെല്‍ കെസി കോടതിയെ അറിയിച്ചു.

നേരത്തെ സെന്‍ട്രല്‍ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അദ്ദേഹം ഒരു ബാന്‍ഡ് അംഗത്തോടൊപ്പം എത്തി ബാനറുകള്‍ വീശിയിരുന്നു. ‘ഫ്രീ ഫലസ്തീന്‍’ എന്ന മുദ്രാവാക്യം വിളിച്ച് ഒരു കൂട്ടം അനുയായികളുമായിട്ടായിരുന്നു അദ്ദേഹം എത്തിയത്. എന്നാല്‍ ഇറാന്‍ പിന്തുണയുള്ള ലബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയെ 2019ല്‍ യു.കെയില്‍ നിരോധിച്ചതിനാല്‍ പിന്തുണ നല്‍കുന്നത് കുറ്റകരമാണ്.

o hanna

ഗസ യുദ്ധത്തെയും ഇസ്രഈലിനെതിരെയും പ്രസ്താവനകള്‍ നടത്തിയതിന് സമീപ മാസങ്ങളില്‍ നീകാപ്പ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നിരോധിത സംഘടനകളെ പിന്തുണയ്ക്കുന്ന കുറ്റങ്ങള്‍ പ്രോസിക്യൂട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് നീകാപ്പ് അംഗത്തിനെതിരെയുള്ള നടപടി. എന്നാല്‍ കേസ് എടുത്തതിന് ശേഷം നീകാപ്പിനും ഓ ഹന്നക്കും വലിയ പിന്തുണ ലഭിച്ചിരുന്നു.

അതേസമയം ഓ ഹന്നക്കെതിരെയുള്ള നടപടി പരിഹാസ്യമെന്നാണ് പ്രോസിക്യൂഷന്റെ വാദം.

‘കുറ്റങ്ങള്‍ പരിഹാസ്യമാണ്, ഇത്തരം കാര്യങ്ങള്‍ നീതിന്യായ വ്യവസ്ഥയെ തകര്‍ക്കും. ഫലസ്തീനിലെ ജനങ്ങള്‍ക്ക് മിസ്റ്റര്‍ ഓഹന്ന നല്‍കുന്ന പിന്തുണയെ കുറിച്ചോ ഇസ്രഈലിനെ വിമര്‍ശിക്കുന്നതിനെക്കുറിച്ചോ അല്ല കേസ്. അദ്ദേഹത്തിന് തന്റെ അഭിപ്രായങ്ങളും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കാനുള്ള അവകാശം ഉണ്ട്. ഓ ഹന്ന നിരോധിത സംഘടനയായ ഹിസ്ബുള്ളയുടെ പതാക വീശി ‘അപ് ഹമാസ്, അപ് ഹിസ്ബുള്ള’ എന്ന് പറഞ്ഞതിനെ കുറിച്ചാണ് കേസ്,’ പ്രോസിക്യൂട്ടര്‍ മൈക്കല്‍ ബിസ്‌ഗ്രോവ് ഹയറിങ്ങില്‍ പറഞ്ഞു.

ഫലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പിനെ നിരോധിച്ചതിന് ശേഷം 2000ലെ തീവ്രവാദ നിയമപ്രകാരം 700ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരോധിത സംഘടനകളെ പിന്തണച്ചതിലാണ് ഭൂരിഭാഗം അറസ്റ്റുകളും.

അതേസമയം തെക്കന്‍ ഇംഗ്ലണ്ടിലെ ഒരു വ്യോമസേന താവളത്തില്‍ നടന്ന ആക്രമണത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് 9.3 മില്യണ്‍ ഡോളറിന്റെ നാശ നഷ്ടമുണ്ടാക്കിയതിന്റെ പേരില്‍ ഫലസ്തീന്‍ ആക്ഷന്‍ കമ്മിറ്റിയെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ആക്ഷന്‍ ഗ്രൂപ്പ് നിഷേധിച്ചിരുന്നു.

ഗസലിലെ യുദ്ധത്തില്‍ ഇസ്രയേലിന് ബ്രിട്ടന്‍ നല്‍കിയ പരോക്ഷ സൈനിക പിന്തുണയോട് പ്രതികരിക്കുക മാത്രമാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ ചെയ്തതെന്ന് ഫലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പ് പറഞ്ഞിരുന്നു.

2017ല്‍ രൂപീകൃതമായ നീകാപ്പിന് വിവാദങ്ങള്‍ പുതിയതല്ല. യു.കെയിലെ മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിന്റെയും വടക്കന്‍ അയര്‍ലണ്ടിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെയും ബാന്‍ഡ് ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്.

Content Highlight: Irish rap band Kneecap member charged with terrorism for allegedly supporting Hezbollah

We use cookies to give you the best possible experience. Learn more