| Tuesday, 14th October 2014, 4:55 pm

നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഇരിങ്ങാലക്കുട സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഇരിങ്ങാലക്കുട: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വരുന്ന നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുട ആല്‍ത്തറ പരിസരത്ത് പ്രതീകാത്മക നില്‍പ്പ് സമരം നടത്തി.

സര്‍ക്കാര്‍ അടിയന്തിരമായി  ഈ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതല്‍ 7 വരെയാണ് പ്രതീകാത്മക നില്‍പ്പ് സമരം നടത്തിയത്.

ആദിവാസികള്‍ നടത്തുന്ന നില്‍പ്പ് സമരത്തിന് പിന്തുണയുമായി ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഈ സമരത്തെ പിന്തുണച്ചുകൊണ്ട് നില്‍പ്പ് സമരം നടത്തിയിരുന്നത്.

സര്‍ക്കാര്‍ എത്രയും പെട്ടെന്ന് സമരത്തില്‍ ഇടപെടണമെന്നാണ് എല്ലാ സംഘടനകളും ആവശ്യപ്പെടുന്നത്.

കേരളത്തിലെ ആദിവാസികളുടെ ഊര്ഭൂമിയും അവര്‍ ഉപയോഗിക്കുന്ന മേഖലകളും പട്ടികവര്‍ഗ മേഖലയായി പ്രഖ്യാപിക്കുകയും ആദിവാസി ഗ്രാമസഭാ നിയമത്തിന് സംസ്ഥാന നിയമമുണ്ടാക്കുകയും ചെയ്യുക. കേരളത്തിലെ ആദിവാസി അധിവാസ മേഖലകള്‍ ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്താനും പ്രസ്തുത മേഖലകള്‍ വിജ്ഞാപനം ചെയ്ത് കിട്ടാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും കേരള മന്ത്രിസഭ തീരുമാനമെടുക്കുക. ആദിവാസി പുനരധിവാസ വിഷന്‍ പുനരുജ്ജീവിപ്പിക്കുക. 2001ലെ കരാര്‍ നടപ്പാക്കുക.. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആദിവാസികള്‍ നില്‍പ്പ് സമരം നടത്തുന്നത്.

ആറളം ഫാമിലെ പൈനാപ്പിള്‍ കൃഷി അവസാനിപ്പിച്ച് ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കുക. ആറളം ഫാമിലെ പുനരധിവാസത്തിന് കാര്‍ഷിക പദ്ധതിയിലൂന്നുന്ന സമഗ്രമായ പാക്കേജ് തയ്യാറാക്കുക. ഉയര്‍ന്ന ഉദ്യോഗസ്ഥ സംഘത്തെ ഒരു പ്രത്യേക കാലയളവിലേക്ക് ആറളം ഫാമില്‍ നിയോഗിക്കുക. ടി.ആര്‍.ഡി.എം ന്റെ മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയുടെ ഭാഗമായി പദ്ധതി നടപ്പാക്കുക. ആദിവാസികളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുക. ആറളം ഫാമില്‍ കുടിയിരുത്തിയ ആദിവാസികള്‍ക്ക് പ്രാഥമിക ജീവിത സാഹചര്യങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ആദിവാസികള്‍ ഉന്നയിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more