ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകളെ ലക്ഷ്യമിട്ട് പരസ്പരം ആക്രമണം നടത്തി യു.എസും ഇറാനും. നേരത്തെ ഇറാനിയന്‍ എണ്ണക്കപ്പലുകളെ ആക്രമിച്ചതായി യു.എസ് സൈന്യം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യു.എസ് സൈന്യത്തിന്റെ കപ്പലുകളെ ആക്രമിച്ചതായി ഇറാനും അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കിന് സമീപം യു.എസ് സൈന്യത്തിന്റെ ഒരു വിദൂര നിയന്ത്രിത കപ്പല്‍ ആക്രമിച്ചതായാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) അറിയിച്ചത്.
‘രാജ്യത്തിനെതിരെ നടക്കുന്ന നിയമവിരുദ്ധമായ യു.എസ്-ഇസ്രായേല്‍ ആക്രമണത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ ഇറാന്‍ നിയന്ത്രിച്ചുവരുന്ന ഹോര്‍മുസ് കടലിടുക്കിന്റെ സംരക്ഷിത പ്രദേശത്തേക്ക് കടക്കാന്‍ ഈ കപ്പല്‍ ശ്രമിച്ചു.
‘ശത്രുവിന്റെ ഓരോ നീക്കവും ധീരരും ആത്മത്യാഗികളുമായ ഐ.ആര്‍.ജി.സി നാവിക സേന സൂക്ഷ്മമായി നിരീക്ഷിക്കുകയും നിര്‍ണായകമായ ആക്രമണം നേരിടുകയും ചെയ്യും,’ എന്ന് ഐ.ആര്‍.ജി.സി പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലാണ്. കുട്ടികളെ കൊല്ലുന്ന ശത്രുവിന്റെ ഏതൊരു നീക്കത്തിനും കനത്ത പ്രതികരണം ലഭിക്കും. ആക്രമണകാരികളായ യു.എസ് ഈ പ്രദേശം വിട്ട് അവരുടെ ക്രൂരതകള്‍ അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേമയം, യു.എസ് ഉപരോധത്തെത്തുടര്‍ന്ന് തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ശ്രമങ്ങള്‍ ശക്തമാക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖാലിബാഫ് പ്രതികരിച്ചു. തങ്ങള്‍ക്കെതിരെ കൂടുതല്‍ ആക്രമണമുണ്ടായാല്‍ ‘വേദനാജനകമായ പ്രതികരണം’ നേരിടേണ്ടി വരുമെന്നും ഒരു അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പേര്‍ഷ്യന്‍ ഗള്‍ഫിലും ഒമാന്‍ ഉള്‍ക്കടലിലുമായി മൂന്ന് ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ തകര്‍ത്തെന്ന് യു.എസ് സൈന്യം പറഞ്ഞിരുന്നു. ഐ.ആര്‍.ജി.സി ബന്ധമുള്ള കപ്പലുകളാണ് തകര്‍ത്തതെന്നും യു.എസ് സൈന്യം അവകാശപ്പെടുന്നു.
പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഐ.ആര്‍.ജി.സി ബന്ധമുള്ള എം/ടി ഡൗണി എം/ടി സ്റ്റാര്‍ക്ക് എന്നീ രണ്ട് കപ്പലുകള്‍ തകര്‍ത്തതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം) വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇറാന്റെ ജാസ്‌ക് തുറമുഖത്തിന് സമീപവും ഖാര്‍ഗ് ദ്വീപ് തീരത്തിന് സമീപവും വച്ചാണ് കപ്പലുകള്‍ ആക്രമിച്ചത്. കപ്പലുകള്‍ പ്രവര്‍ത്തനരഹിതമാക്കിയതായും പ്രസ്താവനയില്‍ പറയുന്നു.
ഒമാന്‍ ഉള്‍ക്കടലില്‍ മൂന്നാമത്തെ കപ്പലായ എം/ടി കൈലോയും ആക്രമിച്ചു. കപ്പല്‍ ഉപേക്ഷിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് കപ്പല്‍ ആക്രമിച്ചതെന്നും സെന്റ്കോം അവകാശപ്പെടുന്നു.
ഈ മൂന്ന് കപ്പലുകളും ഐ.ആര്‍.ജി.സിക്കും മേഖലയിലെ അവരുടെ സഖ്യകക്ഷികള്‍ക്കും വരുമാനം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ‘മള്‍ട്ടി ബില്യണ്‍ ഡോളര്‍ ഷാഡോ നെറ്റ്വര്‍ക്കിന്റെ’ ഭാഗമാണെന്ന് യു.എസ് സൈന്യം ആരോപിക്കുന്നു. ഒരു യുഎസ് വിമാനവാഹിനിക്കപ്പലിനും ഒരു ഗൈഡഡ്-മിസൈല്‍ ഡിസ്ട്രോയറിനും നേര്‍ക്ക് ഇറാന്റെ ആക്രമണമുണ്ടായെന്നും സെന്റ് കോം പറഞ്ഞു.
കൈലോ കപ്പല്‍ കടലില്‍ മുങ്ങിയതായും പിന്നീട് സെന്റ്‌കോം അറിയിച്ചു. ‘ അമേരിക്കന്‍ സൈനികരുടെ കൃത്യതയ്ക്കും പ്രൊഫഷണലിസവും കാരണം എം/ടി കൈലോ ഇന്ന് ഒമാന്‍ ഉള്‍ക്കടലില്‍ മുങ്ങി കടലിന്റെ അടിത്തട്ടില്‍ ഇറാന്റെ നാവികസേനയില്‍ ചേര്‍ന്നു,’ സെന്റ്‌കോം എക്‌സ് പോസ്റ്റില്‍ കുറിച്ചു.
ഖാര്‍ഗ് ദ്വീപ് ‘തകര്‍ക്കപ്പെടുകയാണ്’ എന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓഗസ്റ്റ് 31ന് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചിരുന്നു. ഖാര്‍ഗ് ആക്രമിക്കപ്പെട്ടാല്‍ ശക്തമായ പ്രതികരണം നടത്തുമെന്ന് ഇറാനിയന്‍ അധികാരികളും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു.എസ് ആക്രമണങ്ങള്‍.
കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തില്‍ ഇറാനും അമേരിക്കയും പരസ്പരം ആക്രമണം നടത്തിയിരുന്നു. ഇത് കഴിഞ്ഞ ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ സംഭവവികാസങ്ങള്‍.
തിങ്കളാഴ്ച, ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ലാറക് ദ്വീപില്‍ യു.എസ് സായുധ സേന ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച, ഖുസെസ്ഥാന്‍ പ്രവിശ്യയിലെ അഹ്വാസ്, അഗജാരി എന്നിവയ്ക്ക് സമീപമുള്ള മൂന്ന് സ്ഥലങ്ങളില്‍ യു.എസ് മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. അതില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഖുസെസ്ഥാന്‍ പ്രവിശ്യാ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
അതേ ദിവസം, ഹോര്‍മോസ്ഗാന്‍ പ്രവിശ്യയില്‍ ഒരു വിവാഹ സല്‍ക്കാരം നടക്കുന്നതിനിടെ യു.എസ് സൈന്യം ഒരു കെട്ടിടത്തില്‍ ആക്രമണം നടത്തിയതില്‍ കുറഞ്ഞത് അഞ്ച് പേര്‍ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
യു.എസ് ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ സൈന്യം ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.
ഫെബ്രുവരിയിലാണ് യു.എസ് ഇറാനില്‍ ആക്രമണം ആരംഭിച്ചത്. മാസങ്ങളായി നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം കൂടുതല്‍ രൂക്ഷമാവുമെന്ന് ഈ ആഴ്ചയുടെ തുടക്കത്തിലുണ്ടായ ആക്രമണങ്ങളെത്തുടര്‍ന്ന് ആശങ്ക ഉയര്‍ന്നിരുന്നു.
Content Highlight: IRGC strikes US unmanned vessel in Hormuz, warns of ‘decisive’ response to enemy moves