ടെഹ്‌റാന്‍: ലോകത്ത് വിതരണം ചെയ്യപ്പെടുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്ന് പോകുന്ന ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നത് അമേരിക്ക, ഇസ്രഈല്‍, യൂറോപ്പ്, മറ്റ് യു.എസ് സഖ്യകക്ഷികള്‍ എന്നിവരുടെ കപ്പലുകള്‍ക്ക് നേരെ മാത്രമാണെന്ന് ഇറാന്‍ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്.
ഇതോടെ ഹോര്‍മുസില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യയുടെ പതാകയേന്തിയ 38ഓളം കപ്പലുകള്‍ക്ക് യാത്ര തുടരാന്‍ തടസമുണ്ടാകില്ലെന്ന പ്രതീക്ഷയും ഉയര്‍ന്നിരിക്കുകയാണ്.
അംഗീകരിക്കപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും അടിസ്ഥാനത്തില്‍ യുദ്ധ സമയത്ത് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പലുകളുടെ യാത്രയെ നിയന്ത്രിക്കാന്‍ ഇറാന് അവകാശമുണ്ടെന്ന കാര്യം വ്യക്തമാണെന്ന് ഐ.ആര്‍.ജി.സി പറഞ്ഞതായി ഐ.ആര്‍.ഐ.ബി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഹോര്‍മുസ് വഴി കടക്കാന്‍ ശ്രമിക്കുന്ന അമേരിക്ക, ഇസ്രഈല്‍, യൂറോപ്പ് കപ്പലുകളെ കാണുന്ന മാത്രയില്‍ തന്നെ ആക്രമിക്കുമെന്നും ഐ.ആര്‍.ജി.സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശനിയാഴ്ച ഇറാന് നേരെ യു.എസ്, ഇസ്രഈല്‍ സേനകള്‍ സംയുക്തമായി ആക്രമണമാരംഭിച്ചതോടെയാണ് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചത്. ആയിരക്കണക്കിന് നാവികരാണ് ഇതോടെ കപ്പലുകളില്‍ കുടുങ്ങിക്കിടക്കുന്നത്.
ക്യാപ്റ്റന്‍ ആശിഷ് കുമാര്‍ ഉള്‍പ്പടെ ഇന്ത്യക്കാരായ രണ്ട് നാവികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ഹോര്‍മുസിലൂടെയുള്ള 90 ശതമാനം കപ്പല്‍ ഗതാഗതവും നിലച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞദിവസം ഇറാന്റെ യുദ്ധക്കപ്പലായ ഐറിസ് ദേനയെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ശ്രീലങ്കന്‍ തീരത്തിനടുത്ത് വെച്ച് അമേരിക്കയുടെ അന്തര്‍വാഹിനി മുക്കിയിരുന്നു. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലന്‍ 2026ല്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഐറിസ് ദേനയ്ക്ക് നേരെ ആക്രമണമുണ്ടായത്. 87ലേറെ ഇറാന്‍ സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ശ്രീലങ്കന്‍ നാവിക സേന സ്ഥിരീകരിച്ചിരുന്നു.
Content Highlight: IRGC says it is only blocking US, Israeli and European ships in the Strait of Hormuz; hope for India?