ടെഹ്റാന്: ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പസിന്റെ ഇന്റലിജന്‍സ് വിഭാഗം തലവനായ മജീദ് ഖാദിമി കൊല്ലപ്പെട്ടതായി ഇറാന്‍.
തിങ്കളാഴ്ച നടന്ന യു.എസ്-ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ ഖാദിമി കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‌താവനയില്‍ ഐ.ആര്‍.ജിസി പറഞ്ഞു.
‘ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐ.ആര്‍.ജി.സി) ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്റെ ശക്തനായ തലവന്‍ മേജര്‍ ജനറല്‍ മജീദ് ഖാദിമി, ഇന്ന് പുലര്‍ച്ചെ അമേരിക്കന്‍-സയണിസ്റ്റ് ശത്രുവിന്റെ ക്രിമിനല്‍ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായി,’ ഗാര്‍ഡ്‌സ് കോര്‍പസ് അറിയിച്ചു.
അരനൂറ്റാണ്ടിലേറെയായി വിപ്ലവത്തിന്റെയും മാതൃരാജ്യത്തിന്റെയും സംരക്ഷണത്തില്‍ രഹസ്യാന്വേഷണ, സുരക്ഷാ മേഖലകളില്‍ ഗണ്യമായ സംഭാവനകള്‍ ഖാദിമി നല്‍കിയിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
ഖാദിമി പതിറ്റാണ്ടുകളായി ഇറാന്‍ സേനയുടെ ഭാഗമായി രഹസ്യാന്വേഷണ, ചാരപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
കഴിഞ്ഞ ജൂണില്‍ 12 ദിവസത്തെ ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ ഇന്റിലിജന്‍സ് വിഭാഗം മേധാവിയായിരുന്ന ജനറല്‍ മുഹമ്മദ് കാസെം കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് 2025ല്‍ ഖാദിമി ചുതലയേറ്റത്. മുമ്പ് ഗാര്‍ഡ്സ് ഇന്റലിജന്‍സ് പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ തലവനായിരുന്നു ഖാദിമി.
ഇന്റലിജന്‍സ് തലവന്‍ കൊല്ലപ്പെട്ടത് എവിടെ വെച്ചുണ്ടായ ആക്രമണത്തിലാണെന്ന് ഐ.ആര്‍.ജി.സി വ്യക്തമാക്കിയിട്ടില്ല.
തിങ്കളാഴ്ച ഇറാന്‍ തലസ്ഥാനമായ ടെഹ്റാന് സമീപത്തെ ജനവാസ മേഖലകളെ ലക്ഷ്യമിട്ട് നടന്ന വ്യോമാക്രമണങ്ങളിലായിരിക്കാം ഖാദിമി കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
Content Highlight: IRGC Intelligence Chief Majid Khademi Killed