| Friday, 15th August 2025, 9:50 am

ഗാരി പേര് പറഞ്ഞില്ല, പക്ഷേ ചെയ്തതാര് എന്നെനിക്ക് അറിയാമായിരുന്നു; ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായതില്‍ ഇര്‍ഫാന്‍ പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

താന്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താകാന്‍ കാരണം എം.എസ്. ധോണിയാണെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. തന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഇങ്ങനെ പുറത്താക്കപ്പെടില്ലായിരുന്നു എന്നും ആ തീരുമാനം ശരിയോ തെറ്റോ എന്ന് ചര്‍ച്ച ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ദി ലാലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പത്താന്‍.

‘ഇത് സംഭവിക്കുന്നത് 2009ലാണ്, ഞങ്ങള്‍ ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുമ്പോള്‍. അതിന് മുമ്പ് ഞാനും എന്റെ സഹോദരനും (യൂസുഫ് പത്താന്‍) ശ്രീലങ്കയില്‍ നടന്ന മത്സരങ്ങളില്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

38 പന്തിലെന്തോ നമുക്ക് വിജയിക്കാന്‍ 60 റണ്‍സ് വേണ്ടിയിരുന്നു, നമ്മള്‍ ആ മാച്ച് വിജയിക്കുകയും ചെയ്തു. എന്റെ സ്ഥാനത്ത് മറ്റൊരെങ്കിലും ആയിരുന്നെങ്കില്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കെങ്കിലും ടീമില്‍ നിന്നും പുറത്താക്കില്ലായിരുന്നു.

ഞാന്‍ ന്യൂസിലാന്‍ഡില്‍ ഒറ്റ മത്സരം പോലും കളിച്ചില്ല. എന്തുകൊണ്ട് എന്നെ പുറത്താക്കി എന്ന് ഞാന്‍ ഗാരി സാറിനോട് (ഗാരി കേഴ്‌സ്റ്റണ്‍) ചോദിച്ചു. ഒരു പ്ലെയര്‍ എന്ന നിലയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പരിശീലനത്തിലൂടെ അത് മറികടക്കാന്‍ വേണ്ടിയാണ് ഞാന്‍ ചോദിച്ചത്,’ പത്താന്‍ പറഞ്ഞു.

‘എന്നാല്‍ കേഴ്സ്റ്റണ്‍ ആരുടെയും പേര് പറഞ്ഞില്ല, എന്നാല്‍ ആരാണ് അത് ചെയ്തത് എന്നെനിക്ക് മനസിലായി. ക്യാപ്റ്റനാണ് പ്ലെയിങ് ഇലവന്‍ തീരുമാനിക്കുന്നത്. ഈ തീരുമാനം ശരിയാണോ തെറ്റാണോ എന്നൊന്നും ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

അദ്ദേഹത്തെ സംബന്ധിച്ച് ഏഴാം നമ്പറില്‍ കളത്തിലറക്കാന്‍ സാധിക്കുന്ന ബാറ്റിങ് ഓള്‍ റൗണ്ടറെയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഞാന്‍ ആകട്ടെ ഒരു ബൗളിങ് ഓള്‍ റൗണ്ടറായിരുന്നു. എന്റെ സഹോദരന്‍ ഒരു ബാറ്റിങ് ഓള്‍ റൗണ്ടറായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ആളുകള്‍ രണ്ട് ഓള്‍ റൗണ്ടര്‍മാരെ കുറിച്ചും സംസാരിക്കും,’ പത്താന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ 19ാം വയസിലാണ് ടെസ്റ്റ് ഫോര്‍മാറ്റിലൂടെ ഇര്‍ഫാന്‍ പത്താന്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്നങ്ങോട്ട് എല്ലാ ഫോര്‍മാറ്റിലും താരം ടീമിലെ നിറസാന്നിധ്യമായിരന്നു.

എന്നാല്‍ 2008ല്‍ പത്താന്‍ ടെസ്റ്റ് ടീമില്‍ നിന്നും തഴയപ്പെട്ടു. അടുത്ത വര്‍ഷം ഏകദിന ടീമില്‍ നിന്നും താരം പുറത്തായി. അടുത്ത മൂന്ന് വര്‍ഷത്തേക്ക് പത്താന് ഒറ്റ 50 ഓവര്‍ മത്സരങ്ങള്‍ പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല.

2012ല്‍ ടീമിലേക്ക് വിളിയെത്തിയെങ്കിലും 12 മത്സരത്തില്‍ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്. ഇതിനോടകം ടീമിലെ നിറസാന്നിധ്യങ്ങളായ ഭുവനേശ്വര്‍ കുമാറും ഇഷാന്ത് ശര്‍മയും പത്താന് തിരിച്ചടിയാവുകയായിരുന്നു.

Content Highlight: Irfan Pathan, without naming him, says MS Dhoni was the reason for his exclusion from the team

We use cookies to give you the best possible experience. Learn more