| Tuesday, 7th April 2026, 5:33 pm

വൈഭവ് രണ്ട് കാര്യങ്ങള്‍ക്ക് തയ്യാറായിരിക്കണം; മുന്നറിയിപ്പുമായി ഇര്‍ഫാന്‍ പത്താന്‍

ശ്രീരാഗ് പാറക്കല്‍

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്റെ യുവ താരം വൈഭവ് സൂര്യവംശിക്ക് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ഇര്‍ഫാന്‍ പത്താന്‍. വൈഭവ് സ്റ്റംപിന് വരുന്ന ഫുള്‍ ലെങ്ത് ബോളുകളും സ്‌ലോ ബോളുകളും ശ്രദ്ധിക്കണമെന്ന് പത്താന്‍ പറഞ്ഞു. മാത്രമല്ല ബുംറയടക്കമുള്ള ഫാസ്റ്റ് ബൗളര്‍മാരുടെ ബൗണ്‍സറുകള്‍ സൂക്ഷിക്കണമെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.

‘വൈഭവ് രണ്ട് കാര്യങ്ങള്‍ക്ക് തയ്യാറായിരിക്കണം. ഒന്നാമതായി, സ്റ്റമ്പുകള്‍ക്ക് വരുന്ന ഫുള്‍ ലൈന്‍ ലെങ്ത് പന്തുകളും രണ്ടാമതായി, സ്‌ലോ ബോളുകളും നേരിടേണ്ടി വരും. അതോടൊപ്പം, ലൈനില്‍ പതിവായി മാറ്റങ്ങള്‍ കാണപ്പെടും. വൈഭവ് ഇതിന് തയ്യാറാണോ എന്നതാണ്? പേക്ഷെ വൈഭവിനോട് ഞാന്‍ ഇത് പറയാന്‍ ആഗ്രഹിക്കുന്നു.

ഷോര്‍ട്ട് ബോളിനായി അദ്ദേഹം കാത്തിരിക്കരുത്. കാരണം ബുംറയുണ്ട്, കോര്‍ബിന്‍ ബോഷ്, അല്ലെങ്കില്‍ ട്രെന്റ് ബോള്‍ട്ട് ഉണ്ട്, പിന്നെ ഹാര്‍ദിക് ഫിറ്റ് ആണെങ്കില്‍ അദ്ദേഹവും ബൗണ്‍സറുകള്‍ എറിയാന്‍ സജ്ജമാണ്. പല ജൂനിയര്‍ ക്രിക്കറ്റ് മത്സരങ്ങളിലും ലോകകപ്പിലും ബൗളര്‍മാര്‍ വൈഭവിനെ കുടുക്കാനും ബുദ്ധിമുട്ടിക്കാനും ബൗണ്‍സറുകള്‍ ഉപയോഗിച്ചു,’ ഇര്‍ഫാന്‍ പത്താന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.വൈഭവ് സൂര്യവംശി

അതേസമയം ഐ.പി.എല്ലില്‍ ഇന്ന് (ഏപ്രില്‍ ഏഴ്) രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള വമ്പന്‍ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തിലാണ് മത്സരം.

ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍. റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന്‍ വിജയം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

രാജസ്ഥാന്റെ വെടിക്കെട്ട് ഓപ്പണര്‍ വൈഭവ് സൂര്യവംശിയും യശസ്വി ജെയ്സ്വാളും മിന്നും പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് 15കാരനായ സൂര്യവംശി കൂറ്റനടികള്‍ ഗാലറിയിലെത്തിക്കുന്നത്. സീസണിലെ രണ്ട് മത്സരങ്ങളില്‍ നിന്ന് 83 റണ്‍സാണ് താരം സ്വന്തമാക്കിയത്. 237.14 എന്ന മിന്നും സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

ഐ.പി.എല്ലില്‍ ഇതുവരെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 335 റണ്‍സാണ് വൈഭവ് അടിച്ചത്. 101 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 37.22 എന്ന മികച്ച ആവറേജിലാണ് താരത്തിന്റെ റണ്‍വേട്ട. 213.38 എന്ന സ്ട്രൈക്ക് റേറ്റും വൈഭവ് സ്വന്തമാക്കി.

Content Highlight: Irfan Pathan Warns Vaibhav Suryavanshi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more