ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്കൊരുങ്ങവെ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഇര്‍ഫാന്‍ പത്താന്‍. സഞ്ജുവിന് ജോഫ്രാ ആര്‍ച്ചറും ജെയ്മി ഓവര്‍ടണും ഭീഷണി ഉയര്‍ത്തുമെന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്.
‘അവന് മത്സരത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വരും. ജോഫ്രാ ആര്‍ച്ചര്‍ നിരവധി ഇന്‍സ്വിങ്ങറുകള്‍ എറിയുന്നവനാണ്. അവന്‍ ഔട്ട് സ്വിങ്ങറുകളെറിയാനും ശ്രമിക്കുമെന്നുറപ്പാണ്. ഓവര്‍ടണും (ജെയ്മി ഓവര്‍ടണ്‍) പ്ലെയിങ് ഇലവനിലുണ്ടാകും.
നേരത്തെ ജോഫ്രാ ആര്‍ച്ചര്‍ സഞ്ജു സാംസണെ മികച്ച പന്തുകളില്‍ പുറത്താക്കിയിട്ടിണ്ട്. സഞ്ജു ഈ രണ്ട് ബൗളര്‍മാരെ ഉറപ്പായും കരുതിയിരിക്കണം. അവര്‍ ഔട്ട്‌സൈഡ് എഡ്ജിന് തന്നെയാകും ശ്രമിക്കുക. സഞ്ജു കരുതിയിരിക്കണം,’ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പത്താന്‍ പറഞ്ഞു.
ജോഫ്രാ ആര്‍ച്ചറിനെതിരെയും ഇംഗ്ലണ്ടിനെതിരെയും സഞ്ജുവിന് അത്രകണ്ട് മികച്ച ട്രാക്ക് റെക്കോഡുകളല്ല ഉള്ളത്. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരത്തില്‍ നിന്നും 51 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
2025 ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലാണ് സഞ്ജു ഇംഗ്ലണ്ടിനെതിരെ നേര്‍ക്കുനേര്‍ വന്നത്. പരമ്പരയില്‍ ആകെ 43 പന്തില്‍ നിന്നും 10.20 ശരാശരിയിലും 118.60 സ്‌ട്രൈക് റേറ്റിലുമാണ് സഞ്ജുവിന് 51 റണ്‍സ് നേടാനായത്.
പരമ്പരയിലെ അഞ്ച് മത്സരത്തില്‍ മൂന്ന് തവണ സഞ്ജുവിനെ മടക്കിയത് ആര്‍ച്ചറായിരുന്നു. ആര്‍ച്ചറിനെതിരെ 23 പന്തില്‍ 25 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്. ശരാശരി വെറും 8.33 മാത്രവും.
ജോഫ്രാ ആര്‍ച്ചര്‍
ആര്‍ച്ചറിന്റെ പന്തുകള്‍ കഴിവതും ഒഴിവാക്കണമെന്നും അഭിഷേക് ശര്‍മയ്ക്ക് സ്‌ട്രൈക് നല്‍കണമെന്നും ഇന്ത്യന്‍ ലെജന്‍ഡ് ചേതേശ്വര്‍ പൂജാര അഭിപ്രായപ്പെട്ടിരുന്നു.
‘എനിക്ക് തോന്നുന്നത് ജോഫ്രാ ആര്‍ച്ചര്‍ അത് തന്നെ ചെയ്യുമെന്നാണ്. ഈ ലോകകപ്പില്‍ അവന്‍ (ജോഫ്രാ ആര്‍ച്ചര്‍) നേടിയ വിക്കറ്റുകളെല്ലാം വലംകയ്യന്‍ ബാറ്റര്‍മാരുടേതായിരുന്നു. അതില്‍ ഭൂരിഭാഗവും ഷോര്‍ട്ട് ബോളുകളിലൂടെയും.
സഞ്ജു സാംസണ്‍
സഞ്ജു എന്തായിരിക്കണം ചെയ്യേണ്ടത്? സാധാരണയായി അവന്‍ ലെഗ് സ്റ്റംപിന് നേരെയാണ് നിലയുറപ്പിക്കാറുള്ളത്. എന്നാല്‍ ജോഫ്രാ ആര്‍ച്ചറിനെതിരെ എങ്ങനെയാണ് നിങ്ങള്‍ സ്‌കോര്‍ ചെയ്യുക? ഒന്ന്, കുറച്ച് സ്‌പേസ് സൃഷ്ടിച്ച് അവന്‍ പന്തെറിയാന്‍ തുടങ്ങുമ്പോള്‍ ലെഗ് സ്റ്റംപിന് പുറത്തേക്ക് മാറി ഷോട്ട് കളിക്കാന്‍ ശ്രമിക്കുക എന്നതാണ്.
എന്നാല്‍ സ്‌ട്രൈക് റൊട്ടേറ്റ് ചെയ്യാന്‍ ശ്രമിക്കുക എന്നതാണ് സഞ്ജുവിന് കുറച്ചുകൂടി നല്ല ഓപ്ഷനെന്നാണ് എനിക്ക് തോന്നുന്നത്. സാധ്യമായിടത്തോളം കൂടുതല്‍ പന്തുകള്‍ അഭിഷേകിന് നല്‍കണം. അവന്‍ ജോഫ്രാ ആര്‍ച്ചറെ അറ്റാക് ചെയ്യാന്‍ ശ്രമിക്കും,’ എന്നാണ് പൂജാര പറഞ്ഞത്.
Content Highlight: Irfan Pathan warns Sanju Samson about Jofra Archer and Jamie Overton