| Saturday, 13th June 2026, 5:13 pm

ലോകത്തിലെ മികച്ച താരം, അവനെ പോലെ മറ്റാരുമില്ല: ഇര്‍ഫാന്‍ പത്താന്‍

Sudev A

ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. ഏകദിനത്തില്‍ കോഹ്‌ലിയെക്കാള്‍ മികച്ച പ്രകടനം നടത്തുന്ന മറ്റാരുമില്ലെന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത്. ചെയ്സ് ചെയ്യുന്ന മത്സരങ്ങളില്‍ ലോകത്തിലെ ഏറ്റവും മികച്ച താരമാണ് വിരാടെന്നും മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കി.

‘മധ്യനിരയില്‍ ഏറ്റവും മികച്ച അനുഭവ സമ്പത്തുള്ള താരമാണ് വിരാട് കോഹ്‌ലി. ഏകദിനത്തില്‍ അദ്ദേഹത്തേക്കാള്‍ മികച്ച പ്രകടനം നടത്തുന്ന മറ്റാരുമില്ല. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോഴുള്ള അദ്ദേഹത്തിന്റെ റെക്കോഡുകള്‍ അതിന് തെളിവാണ്. തുടക്കത്തില്‍ ഇന്ത്യയുടെ ഒരു വിക്കറ്റ് നഷ്ടമായാല്‍ ഇന്നിങ്സ് പടുത്തുയര്‍ത്താന്‍ അദ്ദേഹത്തിന് കഴിവുണ്ട്. ഒരുപാട് സമയം ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന വിരാട് ചെയ്സ് ചെയ്യുന്ന മത്സരങ്ങളില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ്,’ ഇര്‍ഫാന്‍ പത്താന്‍ ജിയോ ഹോട്സ്റ്റാറിലൂടെ പറഞ്ഞു.

കോഹ്‌ലി നിലവില്‍ പരിക്കിന്റെ പിടിയിലാണ്. അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്കുള്ള ടീമില്‍ വിരാട് ഇടം നേടിയെങ്കിലും താരം പിന്നീട് പുറത്താവുകയായിരുന്നു. കോഹ്‌ലി ഹാംസ്ട്രിങ് ഇഞ്ചുറി മൂലമാണ് പരമ്പരയില്‍ നിന്നും പുറത്തായത്. കോഹ്‌ലിക്ക് പകരം യശ്വസി ജെയ്സ്വാളാണ് ടീമില്‍ ഇടം നേടിയത്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിരാട് കോഹ്‌ലി. Photo: Royal Challengers Bengaluru/x.com

ഐ.പി.എല്ലില്‍ ഈ സീസണില്‍ ആര്‍.സി.ബിക്ക് വേണ്ടി മിന്നും പ്രകടനമാണ് കോഹ്‌ലി നടത്തിയത്. 16 മത്സരങ്ങളില്‍ നിന്നും 675 റണ്‍സാണ് വിരാട് അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറികളും താരം സ്വന്തമാക്കി.

അതേസമയം ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പരയില്‍ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഒന്നാം ഏകദിനം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ധര്‍മശാലയില്‍ നിന്ന് പുറത്തവരുന്നത്.

മോശം കാലാവസ്ഥ മൂലം മത്സരത്തില്‍ ഇനിയും ടോസ് പോലും ഇടാനായിട്ടില്ല. രാവിലെ മുതല്‍ ധര്‍മശാലയില്‍ കനത്ത മഴ പെയ്യുകയാണ്. മത്സരത്തില്‍ ടോസ് ഇനിയും വൈകിയാല്‍ ഓവറുകള്‍ വെട്ടികുറക്കാന്‍ സാധ്യതയുണ്ട്.

ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, ശ്രേയസ് അയ്യര്‍(വൈസ് ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, പ്രിന്‍സ് യാദവ്.

Content Highlight: Irfan Pathan talks about Virat Kohli performance in ODI

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more