| Wednesday, 6th May 2026, 2:05 pm

അദ്ദേഹത്തിന്റെ റോള്‍ ഇപ്പോള്‍ സഞ്ജുവാണ് ചെയ്യുന്നത്: പ്രശംസയുമായി ഇര്‍ഫാന്‍ പത്താന്‍

Sudev A

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ മിന്നും പ്രകടനം നടത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് താരം സഞ്ജു സാംസണെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. എം.എസ് ധോണിയെ പോലെ സഞ്ജുവും ടീമിനായി സംഭാവനകള്‍ ചെയ്യുന്നുണ്ടെന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത്. ധോണിയുടെ റോള്‍ ഇപ്പോള്‍ സഞ്ജു ചെയ്യുന്നുണ്ടെന്നും മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കി. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍ പത്താന്‍.

‘ചെന്നൈയുടെ ഡ്രസിങ് റൂമില്‍ സഞ്ജു സാംസണ്‍ നല്‍കുന്ന സംഭാവന മികച്ചതാണ്. ക്യാപ്റ്റനെ സഹായിക്കുന്നതായാലും ഡ്രസിങ് റൂമില്‍ തന്റെ അനുഭവം പങ്കുവെക്കുന്നതായാലും ഇത്തരത്തില്‍ എല്ലാ കാര്യങ്ങളിലും എം.എസ് ധോണിയുടെ സംഭാവനകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. സഞ്ജുവും അതേ റോളാണ് ചെയ്യുന്നത്,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ദല്‍ഹിക്കെതിരെ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ കരുത്തിലാണ് ചെന്നൈ വിജയിച്ചു കയറിയത്. 52 പന്തില്‍ പുറത്താവാതെ 87 റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയത്. ഏഴ് ഫോറുകളും ആറ് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. മത്സരത്തിലെ താരവും സഞ്ജു തന്നെയാണ്.

തന്റെ ഐ.പി.എല്‍ കരിയറില്‍ ഇതാദ്യമായാണ് സഞ്ജു ഒരു സീസണില്‍ മൂന്ന് തവണ പ്ലെയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേട്ടം സ്വന്തമാക്കുന്നത്. ഐ.പി.എല്ലില്‍ 2013ല്‍ അരങ്ങേറ്റം കുറിച്ച സഞ്ജു ദല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടിയും രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയും കളിച്ചിട്ടും നേടാനാവാത്ത പ്ലെയെര്‍ ഓഫ് ദി മാച്ച് നേട്ടമാണ് ചെന്നൈക്കൊപ്പം വെറും ഒറ്റ സീസണ്‍ കൊണ്ട് കൈപ്പിടിയിലാക്കിയിരിക്കുന്നത്.

ഈ സീസണില്‍ ചെന്നൈക്ക് വേണ്ടി 10 മത്സരങ്ങളില്‍ നിന്നും 402 റണ്‍സാണ് സഞ്ജു അടിച്ചെടുത്തിട്ടുള്ളത്. രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമാണ് സഞ്ജുവിന്റെ സമ്പാദ്യം. ചെന്നൈയുടെ ഈ സീസണിലെ റണ്‍ വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തുള്ളതും സഞ്ജു തന്നെയാണ്.

അതേസമയം ദല്‍ഹി ക്യാപ്പിറ്റല്‍സിനെ എട്ട് വിക്കറ്റിനാണ് ചെന്നൈ വീഴ്ത്തിയത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 15 പന്തുകളും എട്ട് വിക്കറ്റുകളും ബാക്കി ലക്ഷ്യം മറികടക്കുകയായിരുന്നു. വിജയത്തോടെ 10 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് മുന്നേറാനും ചെന്നൈക്ക് സാധിച്ചു. മെയ് 10ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി.

Content Highlight: Irfan Pathan Talks about Sanju Samson

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more