| Thursday, 26th December 2024, 8:56 pm

അവന്‍ തെറ്റാന്നും ചെയ്തിട്ടില്ല, രാഹുലിന് ശേഷം ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് അവനുണ്ട്; സൂപ്പര്‍ താരത്തെ ഒഴിവാക്കിയതില്‍ ഇര്‍ഫാന്‍ പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിച്ചപ്പോള്‍ 86 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് ഓസീസ് നേടിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ നേടിയത് ജസ്പ്രീത് ബുംറയാണ്. ആകാശ് ദീപ്, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മത്സരത്തില്‍ ഇന്ത്യ ബൗളിങ്ങിന് അനുകൂലമായ പ്ലേയിങ് ലൈനപ്പിലാണ് ഇറങ്ങിയത്. ഓഫ് സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറിനെ ടീമിലേക്ക് കൊണ്ടുവന്നതോടെ ഇന്ത്യക്ക് ആറ് ബൗളിങ് ഓപ്ഷനാണ് ഉള്ളത്. എന്നാല്‍ ഇതോടെ വണ്‍ ഡൗണ്‍ ബാറ്റര്‍ ശുഭ്മാന്‍ ഗില്‍ പുറത്താകുകയും ചെയ്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ബാറ്റിങ് ഓര്‍ഡറില്‍ മൂന്നാം സ്ഥാനത്തെത്താനും കഴിഞ്ഞു.

ഗില്ലിനെ പ്ലെയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. താന്‍ ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ ഉണ്ടായിരുന്നെങ്കില്‍ ഗില്ലിനെ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഗൗതം ഗംഭീറിനോട് പറയുമായിരുന്നുവെന്നാണ് പത്താന്‍ പറഞ്ഞത്.

‘ഞാന്‍ ഇന്ത്യന്‍ ഡ്രസിങ് റൂമിന്റെ ഭാഗമായിരുന്നുവെങ്കില്‍, ശുഭ്മാന്‍ ഗില്ലിനൊപ്പം തുടരാന്‍ ഞാന്‍ ജി.ജിയോട് (ഗൗതം ഗംഭീര്‍) പറയുമായിരുന്നു. അവന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, കെ.എല്‍. രാഹുലിന് ശേഷം ഏറ്റവും മികച്ച രണ്ടാമത്തെ സ്‌ട്രൈക്ക് റേറ്റുമുണ്ട്. അവസാന ടെസ്റ്റ് പരമ്പരയില്‍ അവന്റെ ബാറ്റില്‍ അസാമാന്യമായിരുന്നു. അവന്‍ ഇവിടെ നന്നായി കളിച്ചു. അതേ പ്ലേയിങ് ഇലവന്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ പത്താന്‍ പറഞ്ഞു.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.

Content Highlight: Irfan Pathan Talking About Shubhman Gill

We use cookies to give you the best possible experience. Learn more