| Thursday, 4th September 2025, 8:23 am

സാഹചര്യത്തിനനുസരിച്ച് കളിക്കണം; ഗില്ലിന് മുന്നറിയിപ്പുമായി ഇര്‍ഫാന്‍ പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഏഷ്യ കപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമും. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് ഇന്ത്യ തെരഞ്ഞടുത്തത്.

ഇപ്പോള്‍ ശുഭ്മന്‍ ഗില്ലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ടി-20 ഫോര്‍മാറ്റില്‍ ശുഭ്മന്‍ ഗില്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്നും സ്‌ട്രൈക്ക് റേറ്റില്‍ ഗില്‍ മുന്നിലാണെന്നും പത്താന്‍ പറഞ്ഞു. ഇന്ത്യയുടെ ആക്രമണ ക്രിക്കറ്റിനോട് ഗില്ലിന് പൊരുത്തപ്പെടാന്‍ കഴിയുമെന്നും തന്റെ കഴിവ് തെളിയിക്കാന്‍ ശ്രമിക്കുന്ന ഗില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കണമെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.

‘ഐ.പി.എല്ലിലെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ടി-20 ഫോര്‍മാറ്റില്‍ ശുഭ്മന്‍ ഗില്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. മുമ്പ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 125 ആയിരുന്നു. പക്ഷേ ഇപ്പോള്‍ അത് 150 ആയി ഉയര്‍ന്നു. ഇന്ത്യ ആക്രമണാത്മകമായ ക്രിക്കറ്റ് കളിക്കുമ്പോള്‍ ശുഭ്മന്‍ ഗില്ലിന് അതിനോട് പൊരുത്തപ്പെടാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു.

ശുഭ്മന്‍ ഗില്‍ ഒരു നേതാവാണ്. നിങ്ങള്‍ ഒരു നേതാവാകുമ്പോള്‍ വ്യത്യസ്ത രീതികളില്‍ സംഭാവനകള്‍ നല്‍കാമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം ടി-20ഐ ടീമില്‍ വൈസ് ക്യാപ്റ്റനും ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റനുമാണ്. ആക്രമണാത്മക ക്രിക്കറ്റ് കളിച്ചും മുന്നില്‍ നിന്ന് നയിച്ചും അദ്ദേഹം തന്റെ കഴിവ് തെളിയിക്കാന്‍ ആഗ്രഹിക്കും. സാഹചര്യത്തിനനുസരിച്ച് കളിക്കണം,’ പത്താന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്‌

Content Highlight: Irfan Pathan Talking About Shubhman Gill

We use cookies to give you the best possible experience. Learn more