ഓസീസിനെതിരെ ഇന്ന് (നവംബര്‍ ആറ്) നടക്കാനിരിക്കുന്ന നാലാം ടി-20 മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കില്ലെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. മൂന്നാം ടി-20യില്‍ സഞ്ജുവിന് പകരം വന്ന യുവ താരം ജിതേഷ് ശര്‍മയെ തന്നെ ടീമില്‍ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഓപ്പണിങ്ങില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ മോശം പ്രകടനം കാഴ്ചവെക്കുന്നത് ടീമിന് തലവേദനയാണ്.
ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ഗില്ലിനെക്കുറിച്ചും സഞ്ജു സാംസണിനെക്കുറിച്ചും സംസാരിക്കുകയാണ്. ഗില്ലിനെ ഉള്‍പ്പെടുത്താന്‍ സഞ്ജു സാംസണിനെപ്പോലെ ഒരു താരത്തെ ബെഞ്ചിലിരുത്തിയെന്നും ഇപ്പോള്‍ തരം താഴ്ത്തുന്ന രീതിയില്‍ സഞ്ജുവിനെ പുറത്താക്കുന്നുവെന്നും പത്താന്‍ പറഞ്ഞു. ജെയ്‌സ്വാളിനെ പോലെ കഴിവുള്ള ഒരു താരവും പുറത്തുള്ളതിനാല്‍ ഗില്ലിന് സമ്മര്‍ദം ഉണ്ടാകുമെന്നും പത്താന്‍ പറഞ്ഞു.
‘ശുഭ്മന്‍ ഗില്ലിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. എന്നാല്‍ ബെഞ്ചില്‍ ഇരിക്കുന്ന കളിക്കാരെക്കുറിച്ചായിരിക്കണം അദ്ദേഹം ചിന്തിക്കുന്നത്. സഞ്ജു സാംസണെപ്പോലുള്ള ഒരു കളിക്കാരനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. 10 വര്‍ഷമായി അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമാണ്, ഒടുവില്‍ ഒരു വര്‍ഷം അദ്ദേഹം മൂന്ന് ടി-20 സെഞ്ച്വറികള്‍ നേടി.
അതിനുശേഷം ശുഭ്മന്‍ ഗില്ലിനെ ഉള്‍പ്പെടുത്താന്‍ അദ്ദേഹത്തിന് തന്റെ സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നു. ഇപ്പോള്‍ തരംതാഴ്ത്തുന്ന രീതിയില്‍ അദ്ദേഹത്തെയും പുറത്താക്കുന്നു. ജെയ്‌സ്വാളിനെപ്പോലുള്ള ഒരു കഴിവുള്ള കളിക്കാരനും പുറത്തിരിക്കുന്നു. ശുഭ്മന്‍ ഗില്ലിന് ഇത് അറിയില്ലെന്ന് തോന്നുന്നില്ല. അതിനാല്‍, സമ്മര്‍ദമുണ്ടാകും,’ ഇര്‍ഫാന്‍ പഠാന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
2023 മുതല്‍ ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മന്‍ ഗില്‍ 30 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അതില്‍ 747 റണ്‍സാണ് താരം നേടിയത്. 28.73 എന്ന ആവറേജിലാണ് താരം റണ്‍സ് സ്‌കോര്‍ ചെയ്തത്. മാത്രമല്ല 141.20 എന്ന സ്‌ട്രൈക്ക് റേറ്റാണ് ഗില്ലിനുള്ളത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമാണ് താരത്തിനുള്ളത്. അതേസമയം സഞ്ജു സാംസണ്‍ 2023 മുതല്‍ വെറും 13 മത്സരങ്ങളില്‍ നിന്ന് 417 റണ്‍സാണ് സ്വന്തമാക്കിയത്. 34.75 എന്ന ആവറേജിലാണ് താരത്തിന്റെ സ്‌കോറിങ്. 183.89 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും സഞ്ജു നേടി. മൂന്ന് സെഞ്ച്വറികളാണ് താരം അടിച്ചിട്ടത്.
നിലവില്‍ ഓസീസിനെതിരെ നടക്കുന്ന ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 10 പന്തില്‍ അഞ്ച് റണ്‍സും മൂന്നാം മത്സരത്തില്‍ 12 പന്തില്‍ 15 റണ്‍സുമാണ് ഗില്‍ നേടിയത്. ഗില്ലിന്റെ മോശം പ്രകടനം തുടര്‍ന്നാല്‍ സഞ്ജുവിനെ ഓപ്പണിങ് സ്ഥാനത്തേക്ക് വീണ്ടും പരിഗണിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ആലോചിക്കുമോ എന്നത് കണ്ടറിയണം.
Content Highlight: Irfan Pathan Talking About Sanju Samson And Shubhman Gill