| Thursday, 4th September 2025, 3:31 pm

പ്ലെയിങ് ഇലവനില്‍ ഉണ്ടായേക്കില്ല, അദ്ദേഹം മോശം രീതിയില്‍ പുറത്താകും; സൂപ്പര്‍ താരത്തെക്കുറിച്ച് പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമും. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് ഇന്ത്യ തെരഞ്ഞടുത്തത്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും പ്രതീക്ഷിച്ച പോലെ സ്‌ക്വാഡില്‍ ഇടം നേടിയിരുന്നു.

ഇപ്പോള്‍ സഞ്ജുവിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചേക്കില്ലെന്നും ലോവര്‍ ഓര്‍ഡറില്‍ കളിക്കാനാണ് സാധ്യതയെന്നും പത്താന്‍ പറഞ്ഞു. മാത്രമല്ല അങ്ങനെ സംഭവിച്ചാല്‍ ജിതേഷ് ശര്‍മ പുറത്താകുമെന്ന് മുന്‍ താരം പറഞ്ഞു. എന്നാല്‍ സഞ്ജു മികച്ച താരമാണെന്നും ചിലപ്പോള്‍ സെഞ്ച്വറി നേടുമെന്നും മറ്റ് ചിലപ്പോള്‍ മോശം രീതിയില്‍ പുറത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചേക്കില്ല. അത് ബുദ്ധിമുട്ടായിരിക്കും. പക്ഷേ സാംസണ്‍ ലോവര്‍ ഓര്‍ഡറില്‍ ഇറങ്ങുന്ന ചില ക്ലിപ്പുകള്‍ ഞാന്‍ കണ്ടു. താഴേക്ക് ഇറങ്ങാന്‍ കഴിയുമെങ്കില്‍ സാംസണെ അഞ്ചാം സ്ഥാനത്ത് കളിപ്പിക്കാം. അങ്ങനെ സംഭവിച്ചാല്‍, ജിതേഷ് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല.

ഇത് ബുദ്ധിമുട്ടുള്ള കാര്യമാണ്, അല്ലേ? നോക്കൂ സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അദ്ദേഹത്തിന്റെ സ്ഥിരതയുടെ കാര്യത്തില്‍ ഒരു ചോദ്യചിഹ്നമുണ്ട്, ചിലപ്പോള്‍ അദ്ദേഹം സെഞ്ച്വറി നേടുന്നു മറ്റ് ചിലപ്പോള്‍ അദ്ദേഹം മോശം രീതിയില്‍ പുറത്താകുന്നു, പക്ഷേ അദ്ദേഹം മികച്ച കളിക്കാരനാണ്,’ പത്താന്‍ പറഞ്ഞു.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്‌

Content Highlight: Irfan Pathan Talking About Sanju Samson

We use cookies to give you the best possible experience. Learn more