| Saturday, 1st November 2025, 4:16 pm

സഞ്ജുവിന് നല്‍കുന്ന പിന്തുണ അപ്രത്യക്ഷമായേക്കും; പ്രസ്താവനയുമായി ഇര്‍ഫാന്‍ പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. സഞ്ജു സാംസണിന്റെ കാര്യം വരുമ്പോള്‍ ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്കും താഴേക്കും മാറ്റം വരുത്തുന്നത് എത്രത്തോളം ഗുണം ചെയ്യുമെന്ന് തനിക്കറിയില്ലെന്ന് പത്താന്‍ പറഞ്ഞു.

വ്യത്യസ്തമായ റോളുകള്‍ കൈകാര്യം ചെയ്യാന്‍ മികച്ച മാനസികാവസ്ഥ വേണമെന്നും അതിന് വേണ്ട പിന്തുണ സഞ്ജുവിന് ലഭിക്കുന്നുണ്ടെന്നും മുന്‍ താരം പറഞ്ഞു. എന്നാല്‍ ഒരു കളിക്കാരന്‍ തുടര്‍ച്ചയായി മൂന്നോ നാലോ മത്സരങ്ങളില്‍ പരാജയപ്പെടുകയാണെങ്കില്‍ ആ പിന്തുണ പെട്ടെന്ന് അപ്രത്യക്ഷമാകുമെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.

Irfan Pathan

‘സഞ്ജു സാംസണിന്റെ കാര്യം വരുമ്പോള്‍ ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്കും താഴേക്കും മാറ്റം വരുത്തുന്നത് എത്രത്തോളം ഗുണം ചെയ്യുമെന്ന് എനിക്കറിയില്ല. ടി-20 ക്രിക്കറ്റില്‍, ഓപ്പണര്‍മാരെ കൂടാതെ മിക്ക കളിക്കാര്‍ക്കും ഒരു നിശ്ചിത സ്ഥാനം ഇല്ലെന്നും അവര്‍ ഏത് റോളിലും കളിക്കേണ്ടി വരുമെന്നും മനസിലായി.

ഒരു കളിക്കാരന്റെ ഓര്‍ഡര്‍ നിരന്തരം മാറ്റുന്നത് കാര്യമായ സ്വാധീനം ചെലുത്തും. ഉദാഹരണത്തിന്, ഏഷ്യാ കപ്പില്‍ സഞ്ജു സാംസണ്‍ ചെയ്തതുപോലെ. ഓള്‍ഡ് ബോളില്‍ മധ്യ ഓവറുകളില്‍ ബാറ്റ് ചെയ്യുന്നത്, മൂന്ന് സെഞ്ച്വറികള്‍ നേടിയ ഓപ്പണര്‍ ഇന്നിങ്‌സുമായി താരതമ്യപ്പെടുത്തുമ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു വെല്ലുവിളിയാണത്. അതിന് വ്യത്യസ്തമായ ഒരു മാനസികാവസ്ഥ, മാനസിക പ്രതിരോധശേഷി, ടീമില്‍ നിന്നുള്ള പിന്തുണ എന്നിവ ആവശ്യമാണ്.

സഞ്ജുവിന് ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്നതില്‍ സംശയമില്ല. എന്നിരുന്നാലും, ഒരു കളിക്കാരന് തുടര്‍ച്ചയായി മൂന്നോ നാലോ പരാജയങ്ങള്‍ നേരിടുകയാണെങ്കില്‍ ആ പിന്തുണ പെട്ടെന്ന് അപ്രത്യക്ഷമാകും. സഞ്ജു സാംസണിന്റെ കാര്യത്തില്‍ അത് സംഭവിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം,’ ഇര്‍റാന്‍ പത്താന്‍ പറഞ്ഞു.

അതേസമയം ടി-20യില്‍ 43 ഇന്നിങ്സില്‍ നിന്ന് 995 റണ്‍സാണ് സഞ്ജു നേടിയത്. 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഫോര്‍മാറ്റില്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. 25.5 എന്ന ആവറേജിലാണ് താരത്തിന്റെ റണ്‍വേട്ട. 147.4 എന്ന സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. കൂടാതെ മൂന്ന് സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളും നേടാന്‍ സഞ്ജുവിന് സാധിച്ചു.

Content Highlight: Irfan Pathan Talking About Sanju Samson

We use cookies to give you the best possible experience. Learn more