| Tuesday, 24th March 2026, 1:59 pm

റിയാന്‍ പരാഗ് ഈ ടീമിനെ എങ്ങനെ നയിക്കും?നിങ്ങള്‍ അവനെ മിസ് ചെയ്യും; രാജസ്ഥാന്‍ ക്യാപ്റ്റന്‍സിയെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ റിയാന്‍ പരാഗ് എങ്ങനെ നയിക്കുമെന്ന് ചോദ്യവുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ആഭ്യന്തര മത്സരങ്ങളില്‍ ടീമിനെ നയിക്കുന്നതും ഐ.പി.എല്ലില്‍ ഒരു ടീമിനെ നയിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പത്താന്‍ പറഞ്ഞു. ഗ്രൗണ്ടില്‍ പരാഗിനെ സഹായിക്കാന്‍ അനുഭവസമ്പത്തുള്ള രവീന്ദ്ര ജഡേജയ്ക്ക് കഴിയുമെന്നും എന്നാല്‍ സഞ്ജു സാംസണെ നിങ്ങള്‍ മിസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘റിയാന്‍ പരാഗ് ഈ ടീമിനെ എങ്ങനെ നയിക്കും? ആഭ്യന്തര ക്രിക്കറ്റില്‍ നിങ്ങള്‍ ടീമിനെ നയിക്കുന്നതും ഇതുപോലുള്ള ഒരു വലിയ ലീഗില്‍ ക്യാപ്റ്റനാകുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. അദ്ദേഹത്തിന് ക്യാപ്റ്റന്‍സിയില്‍ അല്‍പം പരിചയമുണ്ട്, പക്ഷേ ഇവിടെ കാര്യങ്ങള്‍ വ്യത്യസ്തമാണ്.

കുറച്ച് പരിചയമുള്ള യശസ്വി ജെയ്‌സ്വാളിന് പരാഗിനെ സഹായിക്കാനാകും. തീര്‍ച്ചയായും, ജൂറലിനും ഹെറ്റ്‌മെയറിനും അദ്ദേഹത്തെ സഹായിക്കാനാകും. പക്ഷേ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ സഹായിക്കാന്‍ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അത് രവീന്ദ്ര ജഡേജയായിരിക്കും. അദ്ദേഹം ഒരു വിജയകരമായ ക്യാപ്റ്റനായിരിക്കില്ല, പക്ഷേ പിച്ചില്‍ ഇത്രയും പരിചയസമ്പന്നനായ ഒരു കളിക്കാരനുണ്ടെങ്കില്‍, അത് നിങ്ങളെ കൂടുതല്‍ സഹായിക്കും. നിങ്ങള്‍ സഞ്ജു സാംസണെ മിസ് ചെയ്യും, അതില്‍ സംശയമില്ല. അദ്ദേഹത്തെ മാറ്റിസ്ഥാപിക്കുക എളുപ്പമല്ല, റിയാന്‍ പരാഗ് അത് സ്വയം പറഞ്ഞിട്ടുണ്ട്,’ ഇര്‍ഫാന്‍ പത്താന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.സഞ്ജു സാംസണും റിയാന്‍ പരാഗും

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മിന്നും താരമായിരുന്നു സഞ്ജു. ക്യാപ്റ്റനായും വിക്കറ്റ് കീപ്പര്‍ ബാറ്ററായും രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഒരുപാട് സംഭവനകള്‍ നല്‍കിയ താരം കൂടിയാണ് സഞ്ജു. 2022ല്‍ രാജസ്ഥാനെ മുന്നില്‍ നിന്ന് നയിച്ച സഞ്ജു ടീമിനെ ഫൈനലിലെത്തിച്ചിരുന്നു. എന്നാല്‍ ഗുജറാത്തിന് മുന്നില്‍ പരാജയപ്പെട്ട് തങ്ങളുടെ കിരീടമോഹം തകരുകയായിരുന്നു.

അതേസമയം ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് മാര്‍ച്ച് 30ന് ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തിനാണ്. വമ്പന്‍മാരായ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്സും പരസ്പരം ഏറ്റുമുട്ടാനിരിക്കുന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സൂപ്പര്‍ താരം സഞ്ജു സാംസണെ ചെന്നൈ സ്വന്തമാക്കിയപ്പോള്‍ ചെന്നൈയില്‍ നിന്ന് സാം കറനെയും രവീന്ദ്ര ജഡേജയെയും ട്രേഡ് ചെയ്യുകയുണ്ടായി. ഇതു തന്നെയാണ് ഇരു ടീമുകളും തമ്മിലുള്ള ഓപ്പണിങ് ക്ലാഷിന്റെ പ്രത്യേകതയും.

Content Highlight: Irfan Pathan Talking About Rajasthan Royals Captain Riyan Parag And Sanju Samson

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more