| Saturday, 10th January 2026, 3:11 pm

പാണ്ഡ്യയെ പരിഗണിച്ചതുപോലെ നിതീഷിന്റെ കാര്യത്തിലും ക്ഷമ കാണിക്കണം; പിന്തുണയുമായി പത്താന്‍

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെക്കുറിച്ചും നിതീഷ് കുമാര്‍ റെഡ്ഡിയെക്കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. 130 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാനും ബാറ്റ് ചെയ്യാനും കഴിയുന്ന അധികം ഓള്‍ റൗണ്ടര്‍മാരൊന്നും ഇന്ത്യയ്ക്കില്ലെന്ന് പത്താന്‍ പറഞ്ഞു.

കരിയറിന്റെ തുടക്കത്തില്‍ പാണ്ഡ്യയ്ക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയതുകൊണ്ടാണ് മികച്ച പ്രകടനം നടത്തിയതെന്നും, അതിനാല്‍ പാണ്ഡ്യയെ പരിഗണിച്ചതുപോലെ നിതീഷിന്റെ കാര്യത്തിലും സെലക്ടര്‍മാര്‍ കുറച്ചുകൂടി ക്ഷമ കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിതീഷ് കുമാര്‍ റെഡ്ഡി

‘130 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാനും ബാറ്റ് ചെയ്യാനും കഴിയുന്ന അധികം ഓള്‍ റൗണ്ടര്‍മാരൊന്നും നമുക്കില്ല. കരിയറിന്റെ തുടക്കത്തില്‍ രണ്ടോ മൂന്നോ വര്‍ഷം അവന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയതുകൊണ്ടാണ് ഹാര്‍ദിക്ക് പാണ്ഡ്യ ഇന്ന് കാണുന്ന പാണ്ഡ്യയായത്. അതുകൊണ്ട് പാണ്ഡ്യയെ പരിഗണിച്ചതുപോലെ നിതീഷിന്റെ കാര്യത്തിലും സെലക്ടര്‍മാര്‍ കുറച്ചുകൂടി ക്ഷമ കാണിക്കണം.

പാണ്ഡ്യ

അവന് നമ്മള്‍ അവസരം നല്‍കിയില്ലെങ്കില്‍ അവന്റെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരം നഷ്ടമാകും. മെല്‍ബണില്‍ നേടിയ ടെസ്റ്റ് സെഞ്ച്വറി മാത്രമാണ് അവന്‍ ഇതുവരെ കളിച്ച മികച്ച ഇന്നിങ്‌സ്. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കിട്ടിയ അവസരങ്ങളിലൊന്നും അവന് മികവ് കാട്ടാനായിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷെ നിതീഷ് മികച്ച പ്രകടനം നടത്തും, അതിന് വേണ്ടി അല്‍പം ക്ഷമ കാണിക്കേണ്ടിവരും,’ പത്താന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം ജനവരി 11ന് ന്യൂസിലാന്‍ഡിനെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിതീഷ് ഇടം നേടിയിട്ടുണ്ട്. എന്നാല്‍ പറയത്തക്ക പ്രകടനങ്ങളില്ലാത്ത നിതീഷിന് പകരം ഋതുരാജ് ഗെയ്ക്വാദിന് അവസരം നല്‍കണമെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Content Highlight: Irfan Pathan Talking About Nitish Kumar Reddy And Hardik Pandya

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more