രാജസ്ഥാന് റോയല്‍സിന് പ്ലേഓഫില്‍ കയറാന്‍ യോഗ്യത ലഭിച്ചതിന് കാരണം സൂപ്പര്‍ താരം ജോഫ്ര ആര്‍ച്ചറാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഐ.പി.എല്ലില്‍ ആര്‍ച്ചര്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞ സീസണുകളില്‍ ഒന്നായിരുന്നു 2026 എന്ന് പത്താന്‍ പറഞ്ഞു. മുംബൈക്കെതിരായ നിര്‍ണായക മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും താരം മികച്ച പ്രകടനം നടത്തിയെന്നും രാജസ്ഥാന്‍ യോഗ്യത നേടിയതിന് എല്ലാവരും ആര്‍ച്ചറെ സല്യൂട്ട് ചെയ്യണമെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.
‘ഐ.പി.എല്ലില്‍ ആര്‍ച്ചര്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞ സീസണുകളില്‍ ഒന്നാണിതെന്ന് ഞാന്‍ കരുതുന്നു. പക്ഷേ ഇന്ന് (ഞായറാഴ്ച) ബാറ്റിങ്ങില്‍ പോലും അദ്ദേഹം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന് ശേഷം വരാന്‍ രണ്ട് ബാറ്റര്‍മാര്‍ ബാക്കിയുണ്ടായിരുന്നു, അവര്‍ പരിചയസമ്പന്നരായ ബാറ്റര്‍മാരായിരുന്നു, പ്രത്യേകിച്ച് രവീന്ദ്ര ജഡേജ.
ആര്‍ച്ചറിന് ഒരു അവസരം ലഭിച്ചു, ബാറ്റിങ്ങിലൂടെ അദ്ദേഹം ഒരു സ്വാധീനം ചെലുത്തി. 32 റണ്‍സ് നേടിയ വേഗത വളരെ നിര്‍ണായകമായിരുന്നു, അതിനുശേഷം, ബൗളിങ്ങിലൂടെ, അദ്ദേഹം മികച്ച പ്രകടനം നടത്തി. അതുകൊണ്ടാണ് രാജസ്ഥാന്‍ ഇന്ന് യോഗ്യത നേടിയത്. എല്ലാവരും അദ്ദേഹത്തെ സല്യൂട്ട് ചെയ്യും,’ ഇര്‍ഫാന്‍ പത്താന്‍ ജിയോ ഹോട്‌സ്റ്റാറില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു.
മത്സരത്തില്‍ രാജസ്ഥാന് വേണ്ടി ബൗളിങ്ങില്‍ ജോഫ്ര അര്‍ച്ചര്‍ മൂന്ന് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനമാണ് നടത്തിയത്. നാന്ദ്രേ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ, യാഷ് പുഞ്ച എന്നിവര്‍ രണ്ട് വീതം വിക്കറ്റും സ്വന്തമാക്കി.
ധ്രുവ് ജുറെലാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 38 റണ്‍സാണ് താരം നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജോഫ്ര അര്‍ച്ചറുടെ പ്രകടനവും ടീമിന് നിര്‍ണായകമായി. 15 പന്തില്‍ 32 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒരു ഫോറും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. മത്സരത്തിലെ താരവും ആര്‍ച്ചറായിരുന്നു.