| Wednesday, 11th November 2026, 10:49 pm

ഹര്‍ദിക്കിന്റെ ട്രേഡിങ്ങില്‍ വിജയിച്ചത് മുംബൈ; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

ശ്രീരാഗ് പാറക്കല്‍

അര്‍ഷ്ദീപ് സിങ്ങിനെ ടീമിലെത്തിച്ചതിലൂടെ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് നിര കൂടുതല്‍ ശക്തമാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഹാര്‍ദിക് പാണ്ഡ്യയെ പഞ്ചാബ് കിങ്‌സിലേക്ക് കൈമാറിയുള്ള ട്രേഡില്‍ മുംബൈ ഇന്ത്യന്‍സാണ് യഥാര്‍ത്ഥ വിജയികളെന്നും അര്‍ഷ്ദീപിന്റെ വരവ് ജസ്പ്രീത് ബുംറയുടെ ഉത്തരവാദിത്തം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ബുംറയില്‍നിന്ന് പ്രതീക്ഷിച്ചത്ര മികച്ച പ്രകടനം ഉണ്ടായില്ലെന്ന് പത്താന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വരും സീസണില്‍ അര്‍ഷ്ദീപിന്റെ പിന്തുണയോട് ബുംറയ്ക്ക് സ്വതന്ത്രമായി പന്തെറിയാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ കൈമാറ്റത്തില്‍ വിജയിച്ചത് മുംബൈ ഇന്ത്യന്‍സാണ്. കാരണം, ടീമിന്റെ ബൗളിങ് നിരയിലെ പ്രശ്നങ്ങള്‍ക്ക് ഇതോടെ പരിഹാരമാകും. ജസ്പ്രീത് ബുംറയ്ക്ക് വലിയ ഉത്തരവാദിത്തമാണ് ഇതുവരെ ഉണ്ടായിരുന്നത്. ഏത് തരത്തിലുള്ള ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ കഴിവുള്ള താരമാണ് ബുംറ. എന്നാല്‍ കഴിഞ്ഞ സീസണില്‍ നമ്മള്‍ പ്രതീക്ഷിച്ചത്ര മികച്ച പ്രകടനം അദ്ദേഹത്തില്‍നിന്ന് ഉണ്ടായില്ല.

ബുംറ എപ്പോഴും ഉത്തരവാദിത്തം ഏറ്റെടുക്കുന്ന താരമായാണ് ഞാന്‍ കാണുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ അത് പ്രതീക്ഷിച്ച രീതിയില്‍ സംഭവിക്കണമെന്നില്ല. അദ്ദേഹവും ഒരു മനുഷ്യനാണ്. അതിനാല്‍ മറുവശത്ത് നിന്ന് പിന്തുണ നല്‍കാന്‍ മറ്റൊരു ബൗളര്‍ ആവശ്യമാണ്.

അര്‍ഷ്ദീപ് സിങ് മുംബൈ ഇന്ത്യന്‍സിനായി വാങ്കഡെയില്‍ സ്ഥിരമായി കളിക്കുകയാണെങ്കില്‍ സ്വിങ് ലഭിക്കും. ഇരുവശങ്ങളിലേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ഇത് ബൗളിങ്ങില്‍ മുംബൈയ്ക്ക് വലിയ ഗുണമാകും. അതോടൊപ്പം മത്സരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ബുംറയെ ഉപയോഗിക്കാനും സാധിക്കും.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ നായകനായിരുന്നപ്പോള്‍ ബുംറയെ ഉപയോഗിച്ചിരുന്ന രീതി നമ്മള്‍ കണ്ടിട്ടുണ്ട്. ഹര്‍ദിക് എത്തിയപ്പോഴും ബുംറയെ ഒരു പ്രത്യേക രീതിയില്‍ ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് അദ്ദേഹത്തിന് പ്രതീക്ഷിച്ച രീതിയില്‍ വിജയിച്ചില്ല.

അര്‍ഷ്ദീപിന്റെ വരവോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. ബുംറയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പന്തെറിയാന്‍ സാധിക്കും. കൂടാതെ, വാങ്കഡെയില്‍ അര്‍ഷ്ദീപിന്റെ റെക്കോഡും മികച്ചതാണ്,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

18 കോടിയാണ് ഹര്‍ദിക്കിനും അര്‍ഷ്ദീപിനും ഫ്രാഞ്ചൈസികള്‍ വിലയിട്ടത്. ഇന്ത്യന്‍ പ്രിമീയര്‍ ലീഗില്‍ 2015ല്‍ അരങ്ങേറിയ ഹര്‍ദിക് 162 മത്സരങ്ങളില്‍ നിന്നും 2955 റണ്‍സാണ് നേടിയിട്ടുള്ളത്. 10 അര്‍ധ സെഞ്ച്വറികളും ഇന്ത്യന്‍ ഓള്‍ റൗണ്ടറുടെ അക്കൗണ്ടിലുണ്ട്. ബൗളിങ്ങില്‍ 82 വിക്കറ്റുകളാണ് ഹര്‍ദിക് നേടിയിട്ടുള്ളത്. ഒരു ഫൈഫറും താരം സ്വന്തമാക്കി. അതേസമയം അര്‍ഷ്ദീപ് സിങ് ഐ.പി.എല്ലിലെ 96 മത്സരത്തില്‍ നിന്ന് 111 വിക്കറ്റുകളാണ് നേടിയത്.

Content Highlight: Irfan Pathan Talking About Hardik Pandya’s Trade

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more