ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ മിന്നും വിജയമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയിത്. വിജയത്തിന് പിന്നാലെ രാജസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.
ധ്രുവ് ജുറെലില്‍ നിന്നും കൂടുതല്‍ പ്രകടനം പ്രതീക്ഷിക്കുന്നുവെന്നും വളരെ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന കളിക്കാരനാണ് ജുറെലെന്നും പത്താന്‍ പറഞ്ഞു. ഇന്ത്യന്‍ ടീമിനും അദ്ദേഹത്തിന്റെ കഴിവില്‍ വലിയ വിശ്വാസമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘നോക്കൂ, ധ്രുവ് ജൂറലിന്റെ കഴിവ് കണക്കിലെടുക്കുമ്പോള്‍, അദ്ദേഹത്തില്‍ നിന്നുള്ള എന്റെ പ്രതീക്ഷകള്‍ അല്പം കൂടുതലാണ്. വളരെ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള കളിക്കാരനാണ് അദ്ദേഹം.
ജുറെല്‍ വളരെ മികച്ച ബാറ്ററാണ്, ഇന്ത്യന്‍ ടീമിനും അദ്ദേഹത്തിന്റെ കഴിവില്‍ വലിയ വിശ്വാസമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നത്. അദ്ദേഹം അത്തരത്തിലുള്ള കളിക്കാരനാണ്. അതുകൊണ്ട് ജുറെല്‍ റണ്‍സ് നേടേണ്ടിവരും, പ്രത്യേകിച്ച് പ്ലേഓഫുകളെക്കുറിച്ച് പറയുമ്പോള്‍. നോക്കൗട്ട് മത്സരങ്ങളില്‍ ജുറെല്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍, ആര്‍.ആര്‍ കുഴപ്പത്തിലായേക്കാം എന്നതിനാല്‍ എല്ലാവരുടെയും പ്രധാന ശ്രദ്ധ അദ്ദേഹത്തിലായിരിക്കും,’ പത്താന്‍ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ധ്രുവ് ജുറെലായിരുന്നു രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. 26 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 38 റണ്‍സാണ് താരം നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജോഫ്ര അര്‍ച്ചറുടെ പ്രകടനവും നിര്‍ണായകമായി. 15 പന്തില്‍ 32 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒരു ഫോറും മൂന്ന് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ ബാറ്റിങ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇതോടെ പ്ലേ ഓഫിലേക്ക് കടക്കാനും റോയല്‍സിന് സാധിച്ചു.