| Tuesday, 5th May 2026, 1:41 pm

ചെന്നൈ അവനെ പുറത്തിരുത്തരുത്; മുന്നറിയിപ്പുമായി ഇര്‍ഫാന്‍ പത്താന്‍

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ഇന്ന് (ചൊവ്വ) നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ഏറ്റുമുട്ടുന്നത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന് മുന്നോടിയായി ചെന്നൈയ്ക്ക് പ്രധാനമായ നിര്‍ദേശവുമായി വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

ചെന്നൈ തങ്ങളുടെ സ്പിന്‍ ബൗളര്‍ അകീല്‍ ഹൊസൈനിനെ കളിപ്പിക്കണമെന്നാണ് പത്താന്‍ പറഞ്ഞത്. ദല്‍ഹിയുടെ രണ്ട് വലംകയ്യന്‍ ഓപ്പണര്‍മാര്‍ക്കെതിരെയും അകീലിന് മികച്ച രീതിയില്‍ പന്തെറിയാന്‍ സാധിക്കുമെന്ന് പത്താന്‍ പറഞ്ഞു. പവര്‍പ്ലേയില്‍ ചെന്നൈയുടെ പേസര്‍മാര്‍ക്കെതിരെ രാഹുലും നിസങ്കയും മികച്ച രീതിയില്‍ കളിക്കുെമന്നും പത്താന്‍ മുന്നറിയിപ്പ് നല്‍കി.ഇര്‍ഫാന്‍ പത്താന്‍

‘അവനെ (അകീല്‍ ഹൊസൈന്‍) പുറത്താക്കരുത്. അവനെ ഉപയോഗപ്പെടുത്തുക. അവന്‍ ഒരു ബ്രില്ല്യന്റ് ബൗളറാണ്. ദല്‍ഹിയുടെ രണ്ട് വലംകയ്യന്‍ ഓപ്പണര്‍മാര്‍ക്കെതിരെയും ഇടംകൈയ്യന്‍ സ്പിന്നറെ വെച്ച് തുടങ്ങുന്നത് ഒരു നല്ല തന്ത്രമായിരിക്കും.

ചെന്നൈ ഇത് ശ്രദ്ധിക്കണം, അവര്‍ക്ക് ദല്‍ഹിയുടെ ഓപ്പണര്‍മാരെ തടയാന്‍ കഴിയുമോ? ഇത് നിര്‍ണായകമാകും. ആദ്യം ഇടംകൈയ്യന്‍ സ്പിന്‍ ഉപയോഗിച്ചില്ലെങ്കില്‍, കെ.എല്‍. രാഹുലും നിസങ്കയും പവര്‍പ്ലേ നന്നായി ഉപയോഗിക്കും. പേസിനെ നേരിടാന്‍ അവര്‍ക്ക് എളുപ്പമായിരിക്കും,’ ഇര്‍ഫാന്‍ പത്താന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ മുംബൈയ്‌ക്കെതിരെ അകീല്‍ ഹൊസൈനിനെ ചെന്നൈ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ മുംബൈക്കെതിരായ ആദ്യ മത്സരത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി മാച്ച് വിന്നിങ് പ്രകടനമാണ് താരം നടത്തിയത്. ഇതുവരെ സീസണില്‍ നാല് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകളാണ് താരത്തിനുള്ളത്.

Content Highlight: Irfan Pathan Talking About CSK Spin Bowler Akeal Hosein

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more