ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മഴ കളി തടസപ്പെടുത്തുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്താന്‍ അഭിഷേക് ശര്‍മയ്ക്ക് സാധിച്ചിരുന്നു.
മത്സരത്തില്‍ അഭിഷേക് 24 പന്തില്‍ 59 റണ്‍സായിരുന്നു സ്വന്തമാക്കിയത്. നാല് സിക്സറുകളും ആറ് ഫോറുകളുമാണ് ഇന്ത്യന്‍ ഓപ്പണറുടെ ബാറ്റില്‍ നിന്ന് പിറന്നത്. 245.83 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
ഇപ്പോള്‍ താരത്തെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ആക്രമണാത്മകമായി കളിക്കാനുള്ള അസാധാരണ കഴിവ് അഭിഷേകിനുണ്ടെന്നും അത്തരമൊരു കഴിവ് എല്ലാവര്‍ക്കുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അദ്ദേഹത്തിന്റെ സമീപനത്തില്‍ ഒരു മാറ്റവും വരുത്തരുതെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. കാരണം ആക്രമിച്ചുകളിക്കാനുള്ള അസാധാരണ കഴിവ് അദ്ദേഹത്തിനുണ്ട്. ബാറ്റിങ്ങിലുള്ള അദ്ദേഹത്തിന്റെ നിയന്ത്രണവും അത് ഗ്രൗണ്ടിലെ പല ദിശകളിലേക്കും അനായാസം കളിക്കാന്‍ കഴിയുന്ന രീതിയും എല്ലാവര്‍ക്കും ലഭിക്കുന്ന കഴിവല്ല. എന്നാല്‍ അഭിഷേക് ശര്‍മയ്ക്ക് ആ കഴിവ് ധാരാളമുണ്ട്,’ ഇര്‍ഫാന്‍ പത്താന്‍ ജിയോ ഹോട്സ്റ്റാറില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു.
അതേസമയം മികച്ച പ്രകടനത്തിന് പിന്നാലെ അന്താരാഷ്ട്ര ടി-20യില്‍ 100 സിക്സറുകള്‍ പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചു. മാത്രമല്ല നേരിട്ട പന്തിന്റെ അടിസ്ഥാനത്തില്‍ ചരിത്രത്തില്‍ ഏറ്റവും വേഗതയില്‍ 100 സിക്സര്‍ പൂര്‍ത്തിയാക്കുന്ന താരമായി മാറാനും ഇന്ത്യന്‍ വെടിക്കെട്ട് വീരന് കഴിഞ്ഞു. 785 പന്തില്‍ നിന്നാണ് അഭിഷേക് 100 സിക്സറുകള്‍ സ്വന്തമാക്കിയത്.
അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ രണ്ടാം മത്സരം നാളെ (ജൂലൈ നാലിന്) മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ നടക്കും.
Content Highlight: Irfan Pathan Talking About Abhishek Sharma