വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിൽ യുവ ബാറ്റർ യശസ്വി ജെയ്‌സ്വാളിനെ ടീമിന്റെ ഭാഗമാക്കണമെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ.
മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ രോഹിത് ശർമയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ടീമിലുള്ളതിനാൽ ജെയ്‌സ്വാളിന് മത്സരങ്ങളിൽ അവസരം ലഭിക്കാതെ ബെഞ്ചിൽ ഇരിക്കാനാണ് സാധ്യത എന്നും പത്താൻ അഭിപ്രായപ്പെട്ടു.
സ്റ്റാർ സ്പോർട്സ് ന് നൽകിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു മുൻ താരം.
ഇർഫാൻ പത്താൻ
ഇതുവരെ ആറ് ഏകദിനത്തിൽ മാത്രമേ ജെയ്‌സ്വാൾ കളിച്ചിട്ടുള്ളു എന്നതിനാൽ സാധ്യതകൾ പരിമിതമാണ്. അദ്ദേഹം രണ്ട് സെഞ്ച്വറികൾ നേടിയിട്ടുണ്ട്. എന്നിരുന്നാലും പലപ്പോഴും ഒരു ബാക്കപ്പ് ഓപ്പണറായാണ് ടീമിൽ നിലനിൽക്കുന്നതെന്നും ഇർഫാൻ ചൂണ്ടിക്കാട്ടി.
യശസ്വി ജെയ്‌സ്വാൾ. Photo: BCCI/x.com
‘യശസ്വി ജെയ്‌സ്വാളിനെ ഞാൻ ശ്രദ്ധിക്കും, അദ്ദേഹത്തിന് എത്ര അവസരങ്ങൾ ലഭിക്കുമെന്ന് കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, പ്രത്യേകിച്ച് വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ.
ജെയ്‌സ്വാൾ ഒരു ബാക്കപ്പ് ഓപ്പണറാണ്. 2027 ഏകദിന ലോകകപ്പിനായി ദക്ഷിണാഫ്രിക്കയിലെത്തുമ്പോൾ, അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചില്ലെന്ന് പറയേണ്ട സാഹചര്യം ഉണ്ടാകരുത്. അവസരം ലഭിക്കുന്ന മത്സരങ്ങളിലെല്ലാം അദ്ദേഹം പ്ലേയിങ് ഇലവനിൽ ഉണ്ടായിരിക്കണം,’ ഇർഫാൻ കൂട്ടിച്ചേർത്തു.
യശസ്വി ജെയ്‌സ്വാൾ. Photo: BCCI/x.com
2026ലെ ഏഷ്യൻ ഗെയിംസിനായി ഇന്ത്യ ശക്തമായ ടി20 ടീമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം, വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ജൂനിയർ താരങ്ങൾക്ക് അവസരം നൽകിയിട്ടുണ്ട്. നമൻ ധീറിനും ആഖിബ് നബിക്കും ആദ്യമായി ഇന്ത്യൻ ടീമിലേക്ക് എത്തുന്നത്.
സ്ഥിരം താരങ്ങളുടെ അഭാവം മറ്റ് താരങ്ങൾക്ക് വലിയ അവസരമാണ്. ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവർ ഏഷ്യൻ ഗെയിംസിനായി വിട്ടുനിൽക്കുന്നതിനാൽ നിതീഷ് കുമാർ റെഡ്ഡി, ധ്രുവ് ജുറെൽ, ആഖിബ് നബി തുടങ്ങിയവർക്ക് അവസരം ലഭിക്കും. ഗുർനൂർ ബ്രാർ അന്താരാഷ്ട്ര ക്രിക്കറ്റിൽ കൂടുതൽ മുന്നേറുമെന്നും പത്താൻ കൂട്ടിച്ചേർത്തു.
‘വെസ്റ്റ് ഇൻഡീസിനെതിരെ നിങ്ങൾക്ക് വ്യത്യസ്ത കോമ്പിനേഷനുകൾ പരീക്ഷിക്കാം. കളിക്കാരെക്കുറിച്ച് നിങ്ങൾക്ക് ധാരാളം കാര്യങ്ങൾ അറിയാൻ കഴിയും. ലോകകപ്പിന് മുമ്പ് നിങ്ങൾക്ക് 11 മത്സരങ്ങളുണ്ട്, നിങ്ങളുടെ ബെഞ്ച് ശക്തിയും പരീക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീം. Photo: BCCI/x.com
വെസ്റ്റ് ഇൻഡീസ് പരമ്പരയും ഏഷ്യൻ ഗെയിംസും ഒരേ സമയത്താണ് നടക്കുന്നത്. ഇത് യുവതാരങ്ങൾക്ക് അവസരം ലഭിക്കുന്നതിന് ഗുണകരമാണ്. നമൻ ധീറിനെ എനിക്ക് ഏറെ ഇഷ്ടമാണ്. മികച്ച പ്രതിഭയാണ് അദ്ദേഹം. ബൗളിങ് മികവ് പരിഗണിച്ചാണ് നമനെ ടീമിലെടുത്തത്. അദ്ദേഹം ഒരു ഓഫ് സ്പിന്നറാണ്. ഇന്ത്യയ്ക്ക് നിലവിൽ അതിന്റെ അഭാവം കുറച്ചെങ്കിലും അനുഭവപ്പെടുന്നുണ്ട്.
ഏഷ്യൻ ഗെയിംസുള്ളതിനാൽ വാഷിങ്ടൺ സുന്ദറിന്റെ അഭാവമുണ്ട്. റിയാൻ പരാഗിന്റെ കാര്യത്തിലും പരിക്കിന്റെ ആശങ്കകളുണ്ട്,’ പത്താൻ പറഞ്ഞു.
വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യമത്സരം തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സെപ്റ്റംബർ 27 ന് നടക്കും. തുടർന്ന് രണ്ടാം മത്സരം സെപ്റ്റംബർ 30 ന് ഗുവാഹത്തിയിലെ അസം ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലും അവസാന മത്സരം ഒക്ടോബർ 3 ന് ന്യൂ ചണ്ഡീഗഡിലെ മഹാരാജ യാദവിന്ദ്ര സിങ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലും വെച്ച് അരങ്ങേറും.
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ഇന്ത്യൻ സ്‌ക്വാഡ്
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്വാദ്, ധ്രുവ് ജുറെൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ആഖിബ് നബി, നമൻ ധിർ.
Content Highlight: Irfan Pathan says Yashasvi Jaiswal should be in the squad for the India-West Indies series.