മലയാളി താരം സഞ്ജു സാംസണ്‍ മികച്ച താരമാണെന്നും എന്നാല്‍ താരത്തിന് സ്ഥിരതയില്ലെന്ന കാര്യം നമ്മള്‍ അംഗീകരിക്കണമെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പത്താന്‍. മലയാളി താരം ഫോമിലല്ലെന്ന കാര്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് നന്നായി കളിച്ചപ്പോള്‍ ശുഭ്മന്‍ ഗില്ലിന് ഓപ്പണിങ് സ്ഥാനം നല്‍കേണ്ടി വന്നത് നിര്‍ഭാഗ്യമാണെന്നും ഉടനെ ഫോം കണ്ടെത്തിയില്ലെങ്കില്‍ തിലക് വര്‍മ തിരിച്ചെത്തുമ്പോള്‍ സഞ്ജുവിന് പുറത്ത് പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു പത്താന്‍.
ഇര്‍ഫാന്‍ പത്താന്‍.Photo: Shanu/x.com
‘സഞ്ജു സാംസണ്‍ മികച്ച താരമാണ്, പക്ഷെ അവന് സ്ഥിരതയില്ല. അവന് ഒരിക്കലും സ്ഥിരതയുണ്ടായിരുന്നില്ല എന്ന കാര്യം നമ്മള്‍ അംഗീകരിക്കണം. അവന്റെ സ്ഥിരതയില്ലാഴ്മ മൂന്ന് മത്സരങ്ങളിലും വ്യക്തമായിരുന്നു. അവസരം ലഭിച്ചാല്‍ അടുത്ത മത്സരത്തില്‍ അവന്‍ റണ്‍സ് അടിച്ചേക്കാം. പക്ഷേ, ഇഷാന്‍ കിഷന്‍ മികച്ച പ്രകടനം നടത്തുന്നതിനാല്‍ സഞ്ജു സമ്മര്‍ദത്തിലാണ്.
അവന്‍ നേരത്തെ മികച്ച രീതിയില്‍ കളിച്ചിരുന്നതാണ്. എന്നാല്‍, ശുഭ്മന്‍ ഗില്‍ ടീമിലെത്തിയതോടെ സഞ്ജുവിന് താഴേക്കിറങ്ങേണ്ടി വരികയും പിന്നീട് ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അവനിപ്പോള്‍ വീണ്ടും ഫോമിനായി ബുദ്ധിമുട്ടുകയാണ്. ഉടന്‍ ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍, തിലക് വര്‍മ മടങ്ങിയെത്തുമ്പോള്‍ സഞ്ജുവിന് സ്ഥാനം നഷ്ടമായേക്കാം,’ പത്താന്‍ പറഞ്ഞു.
സഞ്ജു സാംസണ്‍. Photo: Team Samson/x.com
ന്യൂസിലാന്‍ഡിന് എതിരെയുള്ള ടി – 20 പരമ്പരയില്‍ സഞ്ജുവിന് ഇതുവരെ തിളങ്ങാനായിട്ടില്ല. ഏറെ കാലങ്ങള്‍ക്ക് ശേഷം ഓപ്പണിങ് സ്‌പോട്ടിലേക്ക് മടങ്ങി എത്തിയ താരം നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. ആദ്യ മത്സരത്തില്‍ ഏഴ് പന്തില്‍ പത്ത് റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്.
രണ്ടാം മത്സരത്തില്‍ വെറും അഞ്ച് പന്തില്‍ ആറ് റണ്‍സിന് പുറത്തായ സഞ്ജു മൂന്നാം മത്സരത്തില്‍ വീണ്ടും നിരാശപ്പെടുത്തി. താരം ഇന്ത്യയുടെ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ കൂടാരം കയറി. അതിന് പിന്നാലെയാണ് സഞ്ജുവിന് സ്ഥിരതയില്ല തന്റെ വാദം പത്താന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചത്.
Content Highlight: Irfan Pathan Says we should accept that Sanju Samson is never consistent