| Wednesday, 18th March 2026, 9:14 pm

ആര്‍.സി.ബിക്ക് ഈ സീസണ്‍ വെല്ലുവിളികള്‍ നിറഞ്ഞത്: ഇര്‍ഫാന്‍ പത്താന്‍

ഫസീഹ പി.സി.

ഐ.പി.എല്‍ 2026 സീസണ്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആര്‍.സി.ബി) വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെയും ക്യാപ്റ്റന്റെയും ഫോം ടീമിന് ആശങ്കയാണെന്ന് അദ്ദേഹം പറഞ്ഞു.

രജത് പാടിദാറിന്റെ ശാന്തത കാരണമാണ് ആന്‍ഡി ഫ്ളവര്‍ താരത്തെ ക്യാപ്റ്റനാക്കിയതെന്നും പ്രധാന പേസര്‍മാരില്ലാതെ സാഹചര്യത്തില്‍ അവന് ആ ശാന്തത നിലനിര്‍ത്താന്‍ കഴിയുമോ എന്നതാണ് ചോദ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍ പത്താന്‍.

ഇര്‍ഫാന്‍ പത്താന്‍.

‘ആര്‍.സി.ബിക്ക് ഈ സീസണ്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഫില്‍ സാള്‍ട്ട് ഫോമിലല്ല. ലോകകപ്പില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് അവന്‍ നേടിയത്. അതുപോലെ രജതിന്റെ ആഭ്യന്തര ഫോം അത്ര മികച്ചതല്ല. അതൊരു ആശങ്കയാണ്.

ആര്‍.സി.ബി പരിശീലകന്‍ ആന്‍ഡി ഫ്ളവര്‍ രജതിന്റെ ശാന്തത കണ്ടാണ് അവനെ ക്യാപ്റ്റനാക്കിയത്. സീസണിന്റെ തുടക്കത്തില്‍ തങ്ങളുടെ പ്രധാന പേസര്‍മാര്‍ കളിക്കുന്നില്ല. ഈ സാഹചര്യത്തില്‍ അവന്‍ ശാന്തത നിലനിര്‍ത്താന്‍ സാധിക്കുമോ എന്നതാണ് ചോദ്യം. താന്‍ സെറ്റ് ചെയ്ത നിലവാരം കാത്തുസൂക്ഷിക്കുക എന്നത് പട്ടിദാറിന് വലിയ പരീക്ഷണമായിരിക്കും,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ഏറെ കാലത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ച് ആര്‍.സി.ബി കഴിഞ്ഞ വര്‍ഷം കന്നി കിരീടമുയര്‍ത്തിയിരുന്നു. പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ച് രജത് പാടിദാറിന്റെ കീഴിലാണ് ടീം കിരീടത്തില്‍ മുത്തമിട്ടത്.

2025 ഐ.പി.എൽ കിരീടവുമായി ആർ.സി.ബി. Photo: Indian Premier League

ആ കിരീടം നിലനിര്‍ത്താനുറച്ചാവും ആര്‍.സി.ബി പുതിയ സീസണില്‍ കളത്തിലിറങ്ങുക. എന്നാല്‍, ടീമിന് തുടക്കത്തില്‍ തന്നെ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ടീമിന്റെ സുപ്രധാന ഫാസ്റ്റ് ബൗളറായ ജോഷ് ഹെയ്‌സല്‍വുഡ് സീസണിലെ തുടക്കത്തില്‍ കളിക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, 19ാം സീസണിലെ ഉദ്ഘാടന ദിവസം തന്നെ ആര്‍.സി.ബി തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നുണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ഈ മത്സരത്തില്‍ എതിരാളികള്‍. മാര്‍ച്ച് 28ലെ മത്സരത്തിന്റെ വേദി ചിന്നസ്വാമി സ്റ്റേഡിയമാണ്.

Content Highlight: Irfan Pathan says that there are lot of concerns for RCB in IPL 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more