| Friday, 13th March 2026, 3:16 pm

സഞ്ജു ചെന്നൈയുടെ തുറുപ്പ് ചീട്ടാകും; ഇര്‍ഫാന്‍ പത്താന്‍

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടുമ്പോള്‍ സഞ്ജു സാംസണിന്റെ സാന്നിധ്യം ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഗുണം ചെയ്യുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. രാജസ്ഥാനെ സഞ്ജുവിനേക്കാള്‍ മറ്റാര്‍ക്കും അറിയില്ലെന്നും അത് സി.എസ്.കെയ്ക്ക് അവര്‍ക്കെതിരെ തന്ത്രങ്ങള്‍ മെനയാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ ഒട്ടുമിക്ക യുവതാരങ്ങളും സഞ്ജുവിന് ഒപ്പമോ കീഴിലോ കളിച്ചവരാണെന്നും അതിനാല്‍ സഞ്ജു ടീമിന്റെ തുറുപ്പ് ചീട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിയോ ഹോട്ട്സ്റ്റാറില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍ പത്താന്‍.

ഇര്‍ഫാന്‍ പത്താന്‍. Photo: Crictracker/x.com

‘സഞ്ജു സാംസണിന്റെ സാന്നിധ്യം സി.എസ്.കെയില്‍ വലിയ മാറ്റമുണ്ടാക്കും. രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജുവിനേക്കാള്‍ മറ്റാര്‍ക്കും അറിയില്ല. അതിനാല്‍ രാജസ്ഥാനെ കുറിച്ചുള്ള ‘ഇന്‍സൈഡ് ഇന്‍ഫര്‍മേഷന്‍’ ചെന്നൈയ്ക്ക് ലഭിക്കും. എങ്ങനെ ആര്‍.ആര്‍ കളിക്കുന്നു, അവരുടെ തന്ത്രങ്ങള്‍, അവരുടെ ബൗളിങ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ അവനില്‍ നിന്ന് സി.എസ്.കെയ്ക്ക് ലഭിക്കും.

രാജസ്ഥാനിലെ ഒട്ടുമിക്ക യുവതാരങ്ങളും സഞ്ജുവിന് ഒപ്പമോ കീഴിലോ കളിച്ചവരാണ്. അതിനാല്‍ സഞ്ജു ചെന്നൈയ്ക്ക് ഒരു തുറുപ്പ് ചീട്ടാകും. ലോകകപ്പിലെ ഫോം മാത്രമല്ല, ഗുവാഹത്തിയില്‍ കളിച്ച അനുഭവസമ്പത്തും ഗുണം ചെയ്യും,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

സഞ്ജു സാംസൺ . Photo: Chennai Super KIngs/x.com

ബി.സി.സി.ഐ കഴിഞ്ഞ ദിവസം ഐ.പി.എല്‍ 2026നുള്ള ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 28നാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. മാര്‍ച്ച് 30 നാണ് ചെന്നൈയുടെ ആദ്യ മത്സരം. സഞ്ജുവിന്റെ പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സാണ് ടീമിന്റെ എതിരാളികള്‍. ഗുവാഹത്തി സ്റ്റേഡിയത്തിലാണ് ഈ മത്സരം ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

ഈ സീസണിന് മുന്നോടിയായാണ് സഞ്ജു ചെന്നൈയിലേക്ക് ചേക്കേറിയത്. ഏറെ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ 2025 ഡിസംബറിലായിരുന്നു ഈ കൂടുമാറ്റം. രവീന്ദ്ര ജഡേജയെയും സാം കറനെയും പകരം നല്‍കിയായിരുന്നു മലയാളി വിക്കറ്റ് കീപ്പര്‍ ചെന്നൈ തട്ടകത്തിലെത്തിച്ചത്.

Content Highlight: Irfan Pathan says that the presence of Sanju Samson will be a huge advantage for CSK in opening match against RR in IPL 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more