| Thursday, 19th June 2025, 3:59 pm

രോഹിത്തിന്റെയും വിരാടിന്റെയും വിരമിക്കൽ ഇന്ത്യൻ ടീമിനെ ബാധിക്കില്ല; വമ്പൻ പ്രസ്താവനയുമായി മുൻ ഇന്ത്യൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും കഴിഞ്ഞ മാസം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. ഇരുവരുടെയും വിരമിക്കൽ വാർത്ത വളരെ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടിരുന്നത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യാടനത്തിന് മുന്നോടിയായിരുന്നു ഇരുവരുടെയും റെഡ് ബോൾ ക്രിക്കറ്റിൽ നിന്നുമുള്ള പടിയിറക്കം.

നാളെയാണ് (ജൂൺ 20) ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളുള്ള പരമ്പര ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി ഇരുവരുടെയും വിരമിക്കൽ വീണ്ടും സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരുടെയും അഭാവം ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് പല താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും വിലയിരുത്തിയിരുന്നു.

ഇപ്പോൾ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. രോഹിത്തിന്റെയും വിരാടിന്റെയും അഭാവം ടീമിന്റെ പ്രകടനത്തിനെ ബാധിക്കുമെന്ന് ഞാൻ കരുതുന്നില്ലെന്നും അവരുടെ സമീപ കാലത്ത് വ്യക്തിഗത സംഭാവനകൾ കുറവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഡ്രസ്സിങ് റൂമിൽ അവരുടെ അനുഭവസമ്പത്തും സാന്നിധ്യവും നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇർഫാൻ പത്താൻ.

‘രോഹിത്തിന്റെയും വിരാടിന്റെയും അഭാവം ടീമിന് തിരിച്ചടിയാവുമെന്ന് എല്ലാവരും കരുതുന്നു. പക്ഷേ അത് ടീമിന്റെ പ്രകടനത്തിനെ ബാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. കഴിഞ്ഞ കുറച്ച് കാലങ്ങളിൽ അവരുടെ വ്യക്തിഗത സംഭാവനകൾ കുറവായിരുന്നു.

ഒരു പുതിയ താരത്തിന്റെ ശരാശരി 20-25 ആണെങ്കിൽ പോലും, കോഹ്‌ലിയുടെ സമീപകാല പ്രകടനത്തിന് തുല്യമാകും, കാരണം, സമീപകാലത്ത് അദ്ദേഹത്തിന്റെ ആദ്യ ഇന്നിങ്സിലെ ശരാശരി 15  ആയിരുന്നു.

പക്ഷേ, അവരുടെ അനുഭവസമ്പത്തും സാന്നിധ്യവും ഡ്രസ്സിങ് റൂമിന് നഷ്ടമാകും. ഇനി ജസ്പ്രീത് ബുംറ, റിഷബ് പന്ത്, കെ.എൽ. രാഹുൽ എന്നിവർക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ടാകും,’ ഇർഫാൻ പറഞ്ഞു.

Content Highlight: Irfan Pathan says that the absence of Virat Kohli and Rohit Sharma will not affect Indian Team performance

Latest Stories

We use cookies to give you the best possible experience. Learn more