| Tuesday, 16th September 2025, 1:01 pm

മുംബൈയ്ക്കും പഞ്ചാബിനും പാകിസ്ഥാനെ തോല്‍പ്പിക്കാനാവും: ഇര്‍ഫാന്‍ പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

നിലവിലെ പാകിസ്ഥാന്‍ ടീമിനെ ഇന്ത്യന്‍ ആഭ്യന്തര ടീമുകളായ മുംബൈയ്ക്കും പഞ്ചാബിനും തോല്‍പ്പിക്കാനാവുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഏഷ്യാ കപ്പില്‍ ഇന്ത്യയോട് പാകിസ്ഥാന്‍ ദയനീമായി പരാജയപ്പെട്ടതിന് പിന്നാലെയാണ് പത്താന്റെ പ്രസ്താവന. സോണി സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാകിസ്ഥാനെ ഇന്ത്യയുടെ ഏത് ആഭ്യന്തര ടീമിനാണ് തോല്‍പ്പിക്കാന്‍ കഴിയുകയെന്ന് ചോദിച്ചാല്‍ ഞാന്‍ മുംബൈ എന്ന് പറയും. പഞ്ചാബിനും അത് സാധിക്കും. നിരവധി ഐ.പി.എല്‍ ടീമുകളും അതിന് സാധിക്കും,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ചര്‍ച്ചയില്‍ ഇര്‍ഫാന്‍ പത്താനൊപ്പം ഉണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ അസിസ്റ്റന്റ് പരിശീലകന്‍ അഭിഷേക് നായര്‍ അദ്ദേഹത്തിന്റെ പ്രസ്താവന അംഗീകരിച്ച് ഇന്ത്യയ്ക്ക് ഇതൊരു പ്രാക്ടീസ് മാച്ച് പോലെയായിരുന്നുവെന്ന് പറഞ്ഞു. പാക് ടീമില്‍ സ്പിന്നര്‍മാരാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പാകിസ്ഥാന്‍ സ്പിന്നര്‍മാരെയുമായാണ് വന്നത്, ടീമില്‍ ഫാസ്റ്റ് ബൗളര്‍മാരുണ്ടായിരുന്നില്ല. ബൗളിങ് വ്യത്യസ്തമായിരുന്നെങ്കിലും അതില്‍ പ്രത്യേകിച്ച് ഒന്നുമുണ്ടായിരുന്നില്ല. കളിയുടെ തുടക്കം തൊട്ടേ ഇന്ത്യയ്ക്കായിരുന്നു ആധിപത്യം. ഇന്ത്യന്‍ ടീമിന് ഇതൊരു പ്രാക്ടീസ് മാച്ച് പോലെയായിരുന്നു,’ അഭിഷേക് നായര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 14ന് ഏഷ്യാ കപ്പില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. ഏഴ് വിക്കറ്റിന്റെ വിജയമായിരുന്നു ഇന്ത്യ നേടിയത്. മത്സരത്തില്‍ പാകിസ്ഥാന്‍ താരങ്ങളില്‍ നിന്ന് വലിയ വെല്ലുവിളികള്‍ നേരിടാതെ ഇന്ത്യ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. നിലവില്‍ ഇന്ത്യ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ടൂര്‍ണമെന്റില്‍ നടന്ന മത്സരത്തില്‍ ഒമാനെ യു.എ.ഇ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്.

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരം സെപ്റ്റംബര്‍ 19നാണ്. ഓമനാണ് സൂര്യകുമാറിന്റെയും സംഘത്തിന്റെയും എതിരാളികള്‍. അതേസമയം, പാകിസ്ഥാന്‍ തങ്ങളുടെ അവസാന മത്സരത്തിനായി നാളെ കളത്തിലിറങ്ങും. യു.എ.ഇയാണ് എതിരാളികള്‍. സൂപ്പര്‍ ഫോറില്‍ എത്താന്‍ ഈ മത്സരത്തില്‍ ടീമിന് വിജയം അനിവാര്യമാണ്.

Content Highlight: Irfan Pathan says that Indian domestic teams like Mumbai and Punjab could beat present Pakistan Cricket Team

We use cookies to give you the best possible experience. Learn more