വര്‍ഷങ്ങളുടെ കിരീട വരള്‍ച്ച അവസാനിപ്പിച്ച് ഇന്ത്യ ടി – 20 ലോകകപ്പില്‍ തുടര്‍ച്ചയായി കപ്പുയര്‍ത്തിയത് ആരാധകര്‍ക്ക് വലിയ സന്തോഷം നല്‍കിയിരുന്നു. ഇനി 2027 ഏകദിന ലോകകപ്പില്‍ കൂടി ഇന്ത്യയ്ക്ക് കിരീടം നേടണമെന്ന ആഗ്രഹമാണ് ഏവര്‍ക്കുമുള്ളത്.
ലോകകപ്പിനായി ഇനിയും മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇപ്പോള്‍ ഏകദിന ലോകകപ്പില്‍ മലയാളി താരം സഞ്ജു സാംസണിനെയും പരിഗണിക്കണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. നിലവില്‍ വിക്കറ്റ് കീപ്പര്‍മാരായി ഇന്ത്യയുടെ ആദ്യ ഓപ്ഷനുകള്‍ കെ.എല്‍ രാഹുലും ഇഷാന്‍ കിഷനുമാണെന്നും മൂന്നാമതൊരാളെ പരിഗണിക്കുന്നുണ്ടെങ്കില്‍ അത് സഞ്ജുവായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇര്‍ഫാന്‍ പത്താന്‍.
സഞ്ജുവിന് ഏകദിനത്തില്‍ മികച്ച റെക്കോഡുണ്ടെന്നും അവസരം കിട്ടിയപ്പോഴെല്ലാം അവന്‍ പക്വതയോടെ കളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഫോളോ ദി ബ്ലൂസ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പത്താന്‍.
‘മധ്യനിരയില്‍ കളിയ്ക്കാന്‍ സാധിക്കുന്ന താരമായതിനാല്‍ കെ.എല്‍ രാഹുലാണ് ഒന്നാം നമ്പര്‍ ചോയ്‌സ്. അവന്‍ വളരെ വൈവിധ്യമാര്‍ന്ന രീതിയില്‍ കളിക്കുന്ന ഒരാളാണ്. മികച്ച രീതിയില്‍ ഓപ്പണ്‍ ചെയ്യാനും ഷോട്ട് ബോളുകളെ ഫലപ്രദമായി നേരിടാനും കഴിയുന്ന ഒരു ബാറ്റര്‍ എന്ന നിലയിലാണ് ഇഷാന്‍ കിഷന്‍ ടീമിലെത്തുന്നത്. അവര്‍ രണ്ടുപേരായിരിക്കും മുൻനിരയിലുണ്ടാവുക.
ഭാവിയില്‍ ഇനി മറ്റാര്‍ക്കെങ്കിലും അവസരം നല്‍കുന്നുണ്ടെങ്കിലും അത് സഞ്ജു സാംസണായിരിക്കണം. അവന്റെ ഏകദിന റെക്കോഡ് മികച്ചതാണ്. അവന് അവസരം ലഭിച്ചപ്പോഴെല്ലാം തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ അവന്‍ വളരെ പക്വതയോടെയാണ് ബാറ്റ് ചെയ്യുന്നത്. സമ്മര്‍ദങ്ങളെ അതിജീവിച്ച് വലിയ ഇന്നിങ്‌സുകള്‍ അവനിപ്പോള്‍ കളിക്കുന്നുണ്ട്,’ പത്താന്‍ പറഞ്ഞു.
സഞ്ജു സാംസൺ. Photo: BCCI/x.com
2023ലാണ് സഞ്ജു ഏകദിനത്തില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചത്. അന്ന് സൗത്ത് ആഫ്രിക്കക്കെതിരെ സെഞ്ച്വറിയടിച്ചാണ് മലയാളി ബാറ്റര്‍ തിളങ്ങിയത്. എന്നാല്‍, പ്രോട്ടിയാസിനെതിരെ 114 പന്തില്‍ 108 റണ്‍സ് നേടിയിട്ടും താരത്തിന് പിന്നീട് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിരുന്നില്ല. ജൂണ്‍ 13 മുതല്‍ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയിലും വിക്കറ്റ് കീപ്പര്‍ തഴയപ്പെട്ടു. ഇഷാന്‍ കിഷാനാണ് അവസരം ലഭിച്ചത്.
Content Highlight: Irfan Pathan says that India should consider Sanju Samson as third choice wicket keeper in 2027 ODI World Cup