| Monday, 23rd March 2026, 3:33 pm

അവന്‍ അവസരങ്ങള്‍ മുതലാക്കിയില്ല; ഹൈദരബാദ് താരത്തെ കുറിച്ച് പത്താന്‍

ഫസീഹ പി.സി.

ഐ.പി.എല്‍ 2026നുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. വെറും അഞ്ച് ദിവസങ്ങളുടെ ദൂരം മാത്രമാണ് ടൂര്‍ണമെന്റിനുള്ളത്. മാര്‍ച്ച് 28നാണ് പുതിയ സീസണിന് തുടക്കമാവുന്നത്.

ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍. സി. ബി) സണ്‍റൈസേഴ്സ് ഹൈദരാബാദും (എസ്. ആര്‍. എച്ച്) തമ്മിലാണ് ആദ്യ മത്സരം. ആര്‍. സി. ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.

നിതീഷ് കുമാര്‍ റെഡ്ഡി. Photo: SRH/x.com

ഇപ്പോള്‍ ഈ മത്സരത്തിന് മുന്നോടിയായി എസ്. ആര്‍. എച്ച് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. നിതീഷിന് ലഭിച്ച അവസരങ്ങള്‍ മുതലാക്കാനായില്ലെന്നും 2024ല്‍ പുറത്തെടുത്ത പ്രകടനം അടുത്ത സീസണില്‍ നടത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.

നിതീഷിന് മികച്ച പ്രകടനം നടത്താനായാല്‍ എസ്. ആര്‍. എച്ചിന്റെ ബാറ്റിങ് നിരയെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍ പത്താന്‍.

ഇര്‍ഫാന്‍ പത്താന്‍.

‘2024ല്‍ നിതീഷ് കുമാര്‍ റെഡ്ഡി 300ലധികം റണ്‍സ് നേടിയിരുന്നു. മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. എന്നാല്‍, അടുത്ത സീസണില്‍ ഇതില്‍ വലിയ ഇടിവാണ് വന്നത്. മുമ്പത്തെ സീസണിലേതിന്റെ പകുതി റണ്‍സ് മാത്രമാണ് അവന് എടുക്കാന്‍ സാധിച്ചത്. ലോവര്‍ ഓര്‍ഡറിലല്ല, അവന്‍ ബാറ്റ് ചെയ്തത്.

11 മത്സരങ്ങളില്‍ ഏഴ് എണ്ണത്തിലും നാലാം നമ്പറിലാണ് നിതീഷ് ബാറ്റിങ്ങിനെത്തിയിരുന്നത്. എന്നാല്‍, ഈ അവസരങ്ങള്‍ അവന് മുതലാക്കാനായില്ല. ഈ സീസണില്‍ അവന്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ എസ്. ആര്‍. എച്ചിന്റെ ബാറ്റിങ്ങിന് നിരയെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ സാധിക്കും. അല്ലാത്തപക്ഷം ഇത് വളരെ അപകടകരമാണ്. അവര്‍ ഈ പ്രശ്‌നം എങ്ങനെ നേരിടുന്നുവെന്ന് കാണേണ്ടതുണ്ട്,’ പത്താന്‍ പറഞ്ഞു.

Content Highlight: Irfan Pathan said that SRH all rounder Nitish Kumar Reddy didn’t capitalize the opportunities he got in IPL

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more