| Monday, 11th August 2025, 9:17 am

സഞ്ജു ധോണിയേക്കാള്‍ മികച്ച ക്യാപ്റ്റന്‍; ഇര്‍ഫാന്‍ പത്താന്‍ അന്ന് പറഞ്ഞത്...

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2026ന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള താത്പര്യമറിയിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. തന്നെ റിലീസ് ചെയ്യുകയോ ട്രേഡ് വിന്‍ഡോയിലൂടെ കൈമാറ്റം ചെയ്യുകയോ വേണമെന്ന് സഞ്ജു ടീമിനെ അറിയിച്ചതായി താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. രാജസ്ഥാന്‍ റിലീസ് ചെയ്യുകയാണെങ്കില് താരം 2026 മിനി ലേലത്തിന്റെ ഭാഗമാകും.

ട്രേഡ് വിന്‍ഡോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് സഞ്ജുവിനെ ലക്ഷ്യം വെക്കുന്ന പ്രധാന ടീം. നേരത്തെ തന്നെ ടീം സഞ്ജുവിനെ തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിരുന്നു. ഇപ്പോള്‍ ട്രേഡ് വിന്‍ഡോയിലൂടെ മലയാളി വിക്കറ്റ് കീപ്പറെ സ്വന്തമാക്കുകയാണ് സൂപ്പര്‍ കിങ്‌സിന്റെ ലക്ഷ്യം.

എം.എസ്. ധോണിയുടെ പിന്‍ഗാമിയായി സഞ്ജുവിനെ മാറ്റുകയാണ് സൂപ്പര്‍ കിങ്‌സിന്റെ ലക്ഷ്യം. ധോണിയെ പോലെ വിക്കറ്റിന് പുറകിലും മുമ്പിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന സഞ്ജു എന്തുകൊണ്ടും സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് വളരെ മികച്ച ഓപ്ഷനാണ്.

ഈ ചര്‍ച്ചകള്‍ തകൃതിയായി തുടരുന്നതിനിടെ സഞ്ജുവിനെ കുറിച്ചുള്ള ഒരു പഴയ പ്രസ്താവന വീണ്ടും ചര്‍ച്ചയിലേക്കുയരുകയാണ്. ഐ.പി.എല്‍ 2023നിടെയുള്ള ഇര്‍ഫാന്‍ പത്താന്റെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിന് ശേഷം സഞ്ജുവിനെ പുകഴ്ത്തി പത്താന്‍ സംസാരിച്ചിരുന്നു. സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ധോണിയേക്കാള്‍ മികച്ചുനിന്നു എന്നായിരുന്നു പത്താന്‍ പറഞ്ഞത്.

2023 ഏപ്രില്‍ 27ന് നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ 32 റണ്‍സിന് വിജയിച്ചിരുന്നു. സീസണില്‍ നേരത്തെ നടന്ന രാജസ്ഥാന്‍ റോയല്‍സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിലും സഞ്ജുവും സംഘവുമാണ് വിജയിച്ചിരുന്നത്.

‘സഞ്ജുവായിരുന്നു മികച്ച ക്യാപ്റ്റന്‍. കൂടാതെ ഏറെ അനുഭവസമ്പത്തുള്ള ധോണിയെ പരാജയപ്പെടുത്തി പോയിന്റ് സ്വന്തമാക്കുകയും ചെയ്തു. വളരെ മികച്ച രീതിയില്‍ അവന്‍ മൂന്ന് സ്പിന്നര്‍മാരെ റൊട്ടേറ്റ് ചെയ്തു. തന്റെ തീരുമാനങ്ങളില്‍ ഒരു സംശവും അവനുണ്ടായിരുന്നില്ല,’ എന്നാണ് പത്താന്‍ പറഞ്ഞത്.

രവി ശാസ്ത്രിയും ഈ മത്സരത്തിന് പിന്നാലെ സഞ്ജുവിനെ പുകഴ്ത്തി സംസാരിച്ചിരുന്നു. താരം സ്പിന്നര്‍മാരെ ഉപയോഗിച്ച വിധം തന്നെയാണ് ശാസ്ത്രിയും എടുത്ത് പറഞ്ഞത്.

‘ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജു ഏറെ പക്വത കൈവരിച്ചിരിക്കുന്നു. അവന്‍ സ്പിന്നര്‍മാരെ വളരെ മികച്ച രീതിയില്‍ ഉപയോഗിച്ചു. ഒരു മികച്ച ക്യാപ്റ്റന് മാത്രമേ മൂന്ന് സ്പിന്നര്‍മാരെ കളത്തിലിറക്കാനും മികച്ച രീതിയില്‍ അവരെ ഉപയോഗിക്കാനും സാധിക്കൂ,’ എന്നായിരുന്നു മുന്‍ ഇന്ത്യന്‍ പരിശീലകന്റെ വാക്കുകള്‍.

ഈ മത്സരത്തില്‍ ആറ് ബൗളര്‍മാരെയാണ് രാജസ്ഥാന്‍ കളത്തിലിറക്കിയത്. അതില്‍ മൂന്നും സ്പിന്നര്‍മാരുമായിരുന്നു. ആര്‍. അശ്വിന്‍, ആദം സാംപ, യൂസ്വേന്ദ്ര ചഹല്‍ എന്നിവരാണ് രാജസ്ഥാനായി പന്തെറിഞ്ഞത്. മത്സരത്തില്‍ രാജസ്ഥാന്‍ ആകെ ആറ് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതില്‍ അഞ്ചും സാംപയും അശ്വിനും ചേര്‍ന്നാണ് പിഴുതെറിഞ്ഞത്.

Content Highlight: Irfan Pathan’s old comment about Sanju Samson resurface

Latest Stories

We use cookies to give you the best possible experience. Learn more