ഐ.പി.എല്ലില്‍ തുടര്‍ച്ചയായി രണ്ടാം കിരീടം സ്വന്തമാക്കിയതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. കൊടുങ്കാറ്റുള്ള സമുദ്രത്തിലെ ശക്തമായ തിരമാലകള്‍ പോലെയാണ് വിരാടെന്നും ഏത് സമയത്തും ഏത് രൂപവും സ്വീകരിക്കാന്‍ കഴിയുന്ന ഒരു കളിക്കാരനാണ് വിരാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഈ സീസണില്‍ അദ്ദേഹം കൊടുങ്കാറ്റുള്ള സമുദ്രത്തിലെ ശക്തമായ തിരമാലകള്‍ പോലെയാണ്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുമ്പോള്‍ അദ്ദേഹം 200ലധികം സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തത്. ഇന്നിങ്‌സ് അവസാനിക്കുമ്പോഴും അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ഏകദേശം 175 ആയിരുന്നു. അദ്ദേഹം വെള്ളം പോലെയാണ്, ഏത് സമയത്തും ഏത് രൂപവും സ്വീകരിക്കാന്‍ കഴിയുന്ന ഒരു കളിക്കാരന്‍. അതാണ് അദ്ദേഹത്തെ മികച്ച കളിക്കാരനാക്കുന്നത്,’ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
അതേസമയം ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. മറുപടിക്ക് ഇറങ്ങിയ ആര്‍.സി.ബി 12 പന്തുകള്‍ ബാക്കി നില്‍ക്കെ ടാര്‍ഗറ്റ് മറികടക്കുകയായിരുന്നു.
വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിമികവിലാണ് ബെംഗളൂരു വിജയത്തിലെത്തിയത്. 42 പന്തില്‍ പുറത്താകാതെ 75 റണ്‍സ് നേടിയ ചെയ്സ് മാസ്റ്റര്‍ മൂന്ന് സിക്സും ഒമ്പത് ഫോറുമാണ് അടിച്ചെടുത്തത്. മത്സരത്തിലെ താരവും വിരാടായിരുന്നു.
സീസണില്‍ മിന്നും പ്രകടനമാണ് വിരാട് കാഴ്ചവെച്ചത്. 16 മത്സരങ്ങളില്‍ നിന്ന് 675 റണ്‍സാണ് താരം അടിച്ചെടുത്തത്. 105* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടിയിരുന്നു. 56.25 എന്ന ആവറേജും 165.85 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. സെഞ്ച്വറിക്ക് പുറമെ അഞ്ച് അര്‍ധ സെഞ്ച്വറിയും വിരാട് സീസണില്‍ തന്റെ അക്കൗണ്ടിലാക്കി. മാത്രമല്ല കഴിഞ്ഞ മൂന്ന് സീസണിലും തുടര്‍ച്ചയായി 600+ റണ്‍സ് നേടിയ വിരാട് ബെംഗളൂരുവിന്റെ നെടുന്തൂണായിരുന്നു.
Content Highlight: Irfan Pathan Praises Super Player Virat Kohli