ന്യൂസിലാന്‍ഡിന് എതിരെയുള്ള ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ടീം വിവരം പുറത്ത് വന്നപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനവുമായി തിളങ്ങിയിട്ടും ദേവദത്ത് പടിക്കലിന് ടീമില്‍ ഇടം പിടിക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ ഇതില്‍ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.
Photo: Johns/x.com
വിജയ് ഹസാരെയില്‍ ദേവദത്ത് വളരെ കുറവ് മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂവെന്നും എന്നിട്ടും ടീമില്‍ എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. താരത്തിന്റെ മികച്ച ആവറേജ് ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്റേതിന് സമാനമാണെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.
‘ദേവ്ദത്ത് പടിക്കലിന് ലിസ്റ്റ് എ ക്രിക്കറ്റില്‍ 83 ശരാശരിയുണ്ട്. ഇത് അവിശ്വസനീയമാണ്. ഈ ആവറേജ് ഇതിഹാസ ഡോണ്‍ ബ്രാഡ്മാന്റേതിന് സമാനമാണ്. വിജയ് ഹസാരെ ട്രോഫിയില്‍ അവന്‍ മിക്കവാറും എല്ലാ കളികളിലും തിളങ്ങാറുണ്ട്. ഇത്രയും നല്ല റെക്കോര്‍ഡ് ഉണ്ടായിട്ടും അവന് ഇന്ത്യന്‍ ഏകദിന ടീമില്‍ ഇടം ലഭിക്കുന്നില്ല. ടീമിലെ മത്സരം അത്രയും കഠിനമാണ്,’ പത്താന്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമിലെ മറ്റ് സെലക്ഷനെ കുറിച്ചും പത്താന്‍ സംസാരിച്ചു. വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ തിരിച്ചെത്തുന്നതോടെ നാലാം നമ്പറില്‍ താരം കളിക്കും. അതാണ് റുതുരാജ് ഗെയ്ക്വാദിന് സ്ഥാനം നഷ്ടമായതിന് കാരണം. 2027 ലോകകപ്പിന് ഇനിയും 22 മാസങ്ങളുണ്ട്. അടുത്ത എട്ട് മാസത്തേക്ക് ഇന്ത്യയ്ക്ക് ഏകദിനങ്ങള്‍ ഇല്ലാതിരുന്നിട്ടും അതിനെ കുറിച്ചാണ് ടീം ചിന്തിക്കുന്നത്.
നിലവില്‍ കളിക്കാരുടെ ജോലിഭാരം കുറയ്ക്കാനാണ് ടീം ശ്രമിക്കുന്നത്. അതുകൊണ്ടാണ് ജസ്പ്രീത് ബുംറ മാറിനില്‍ക്കുന്നത്. 10 ഓവര്‍ പന്തെറിയാന്‍ ആരോഗ്യവാനല്ലാത്തതിനാല്‍ ഹാര്‍ദിക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തതെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂസിലാന്‍ഡിന് എതിരെയുള്ള ഏകദിന ടീം
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍* (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, റിഷാബ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍
*ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയം
Content Highlight: Irfan Pathan says Devdutt Padikkal’s average in Vijay Hazare similar to Don Bradman