രാജസ്ഥാന്‍ റോയല്‍സിനെതിരായ പരാജയത്തിന് പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷബ് പന്തിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. മത്സരത്തില്‍ മൂന്ന് പന്തില്‍ പൂജ്യം റണ്‍സിന് പുറത്തായതോടെയാണ് പത്താന്‍ താരത്തിന്റെ പ്രകടനത്തെ ചോദ്യം ചെയ്ത് സംസാരിച്ചത്. പന്തിന്റേത് ശരിയായ സമീപനമല്ലെന്നും താരത്തിന് സമയമെടുത്ത് കളിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഇതാണോ ശരിയായ സമീപനം? തീര്‍ച്ചയായും അല്ല. റിഷ്ബ് പന്തിന് കുറച്ചുകൂടി സമയം എടുത്ത് കളിക്കാമായിരുന്നു. നിങ്ങള്‍ക്ക് ഫ്രണ്ട് ഫൂട്ടില്‍ കൂടുതല്‍ കളിക്കാമായിരുന്നു. ഓഫ്-സ്റ്റമ്പിന് പുറത്തുള്ള ഒരു പന്തില്‍ റിഷബ് പന്ത് സ്വീപ്പ് ഷോട്ട് കളിക്കാന്‍ ശ്രമിച്ചു.
അദ്ദേഹം രണ്ട് പന്തുകള്‍ ഇതുപോലെ കളിച്ചു, രണ്ട് തവണയും പന്ത് ബാറ്റിനടുത്ത് പോലും വന്നില്ല. അത് ഔട്ട് ഓഫ്-സ്റ്റമ്പായിരുന്നു, പിന്നീട് ഒരു ഔട്ട്‌സൈഡ് എഡ്ജ് നല്‍കി അദ്ദേഹം പുറത്തായി,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയില്‍ പത്താന്‍ പറഞ്ഞു.
നിലവില്‍ ഐ.പി.എല്ലില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മോശം പ്രകടനമാണ് പന്ത് കാഴ്ചവെക്കുന്നത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 147 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് സീസണില്‍ പന്ത് നേടിയത്. മാത്രമല്ല സീസണില്‍ ഏഴ് മത്സരത്തില്‍ രണ്ട് വിജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ നാല് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ലഖ്‌നൗ.
കഴിഞ്ഞ ദിവസം രാജസ്ഥാനെതിരെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 40 റണ്‍സിനാണ് ലഖ്‌നൗ പരാജയപ്പെട്ടത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റിന് 159 റണ്‍സെടുത്തിരുന്നു. കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങിയെങ്കിലും മറുപടി ബാറ്റിങ്ങില്‍ ലഖ്നൗവിനെ 18 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ട് ചെയ്യുകയായിരുന്നു പിങ്ക് ആര്‍മി.
ലഖ്നൗവിന് വേണ്ടി 41 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 55 റണ്‍സ് നേടിയ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷാണ് ടോപ് സ്‌കോറര്‍. നിക്കോളാസ് പൂരന്‍ 25 പന്തില്‍ 22 റണ്‍സും നേടി. ഇംപാക്ട പ്ലെയര്‍ ഹിമ്മത് സിങ് 15 റണ്‍സും നേടി. മറ്റാര്‍ക്കും രണ്ടക്കം പോലും കാണാന്‍ സാധിച്ചില്ല.
Content Highlight: Irfan Pathan Criticize LSG Captain Rishabh Pant