ജസ്പ്രീത് ബുംറ വിക്കറ്റ് നേടുന്നത് വളരെ പ്രധാനമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ബുംറയുടെ ഫോമില്‍ പ്രശ്‌നമില്ലെന്നും എന്നാല്‍ തരാത്തിന്റെ ബൗളിങ് സ്പീഡ് 130 കി.മീ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബുംറ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കൂടുതല്‍ വേഗതയില്‍ പന്തെറിഞ്ഞാല്‍ മികച്ച ഫലമുണ്ടാകുമെന്നും പത്താന്‍ പറഞ്ഞു.
‘ജസ്പ്രീത് ബുംറ വിക്കറ്റുകള്‍ നേടുന്നത് വളരെ പ്രധാനമാണ്. അദ്ദേഹത്തിന്റെ ഫോമില്‍ വലിയ പ്രശ്നമൊന്നുമില്ല, പക്ഷേ ഈ സീസണില്‍ അദ്ദേഹത്തിന്റെ ശരാശരി വേഗത മണിക്കൂറില്‍ 130 കിലോമീറ്ററാണ്. ഏകദേശം 44 ശതമാനവും അദ്ദേഹം വേഗത കുറഞ്ഞ പന്താണ് എറിഞ്ഞത്.
എന്തിനാണ് ജസ്പ്രീത് ബുംറ ഇങ്ങനെ ചെയ്യുന്നത്? ഇതിന് കൂടുതല്‍ ആഴത്തിലുള്ള ഒരു വിശകലനം ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം കൂടുതല്‍ വേഗതയേറിയ പന്തുകള്‍ എറിഞ്ഞാല്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. ഇത് വളരെ ലളിതമായ ഒരു പരിഹാരമാണ്. ബുംറയ്ക്ക് പരിശീലനം ആവശ്യമില്ല, പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു,’ പത്താന്‍ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
നിലവില്‍ നാല് മത്സരങ്ങളില്‍ 123 റണ്‍സ് വഴങ്ങിയ ബുംറ ഒരു വിക്കറ്റ് പോലും നേടിയിട്ടില്ല. 8.20 എന്ന എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ്. ടൂര്‍ണമെന്റില്‍ 149 മത്സരങ്ങളില്‍ നിന്ന് 183 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 10 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ നേടിയ മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്.
അതേസമയം ഐ.പി.എല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. വാംഖഡെയില്‍ നടക്കുന്ന മത്സരത്തില്‍ തങ്ങളുടെ രണ്ടാം വിജയം ലക്ഷ്യംവെച്ചാണ് മുംബൈ ഇറങ്ങുന്നത്. അതേസമയം നാല് മത്സരങ്ങളില്‍ മൂന്ന് വിജയം കയ്യിലാക്കിയാണ് ശ്രേയസ് അയ്യരിന്റെ പഞ്ചാബ് കളത്തിലിറങ്ങുന്നത്. സ്വന്തം തട്ടകത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും മുംബൈ പ്രതീക്ഷിക്കുന്നില്ല.