ഐ.പി.എല്ലില്‍ ദല്‍ഹിക്കെതിരായ വിജയത്തിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് സംസാരിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. പവര്‍പ്ലേയില്‍ റാഷിദ് ഖാന് ഓവര്‍ നല്‍കിയത് നല്ലൊരു തീരുമാനമായിരുന്നുവെന്നും പക്ഷേ പവര്‍പ്ലേയുടെ അവസാന ഓവറില്‍ അശോക് ശര്‍മയ്ക്ക് ഓവര്‍ നല്‍കിയത് തെറ്റായ തീരുമാനമാണെന്നും പത്താന്‍ പറഞ്ഞു. അശോകിന്റെ പന്തിന് പേസ് ഉണ്ടെങ്കിലും അനുഭവ പരിജയമില്ലായിരുന്നു എന്നാണ് മുന്‍ താരം പറഞ്ഞത്.
‘പവര്‍പ്ലേയില്‍ റാഷിദിന് ഓവര്‍ നല്‍കിയത് നല്ലൊരു തീരുമാനമായിരുന്നു. പക്ഷേ പവര്‍പ്ലേയുടെ അവസാന ഓവറില്‍ അവര്‍ അശോകിനെ കൊണ്ടുവന്നു. അതൊരു വലിയ തെറ്റാണെന്ന് എനിക്ക് തോന്നി. കെ.എല്‍. രാഹുലും പാത്തും നിസങ്കയും പേസര്‍മാര്‍ക്കെതിരെ മികവ് പുലര്‍ത്തുന്നവരാണ്. അശോകിന്റെ പന്തിന് പേസ് ഉണ്ടായിരിക്കാം, പക്ഷേ പവര്‍പ്ലേയുടെ അവസാന ഓവര്‍ അനുഭവപരിചയമില്ലാത്ത ഒരു ബൗളര്‍ക്ക് നല്‍കിയത് ഒരു തെറ്റാണ്,’ പത്താന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
അതേസമയം ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ ഒറ്റ റണ്‍സിന് പരാജയപ്പെടുത്തിയാണ് ഗുജറാത്ത് ടൈറ്റന്‍സിന് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടൈറ്റന്‍സ് ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
മത്സരത്തിലെ താരമായത് റാഷിദ് ഖാനായിരുന്നു. 17 റണ്‍സ് വഴങ്ങി മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് താരം നേടിയത്. അതേസമയം പേസര്‍ അശേക് ശര്‍മ മൂന്ന് ഓവറില്‍ നിന്ന് വിക്കറ്റൊന്നും നേടാതെ 45 റണ്‍സാണ് വഴങ്ങിയത്.
ശുഭ്മന്‍ ഗില്‍ (45 പന്തില്‍ 70), വാഷിങ്ടണ്‍ സുന്ദര്‍ (32 പന്തില്‍ 55), ജോസ് ബട്‌ലര്‍ (27 പന്തില്‍ 52) എന്നിവരുടെ കരുത്തിലാണ് ടൈറ്റന്‍സ് മികച്ച സ്‌കോറിലെത്തിയത്.
ക്യാപ്പിറ്റല്‍സിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് കെ.എല്‍. രാഹുലാണ്. 52 പന്തില്‍ നാല് സിക്സും 11 ഫോറും ഉള്‍പ്പെടെ 92 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. 176.92 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ഏപ്രില്‍ 12നാണ് ടൈറ്റന്‍സ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. എകാന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീം ലഖ്നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.