ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും മാച്ചിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുകയാണ്. പരമ്പരയിലെ ആദ്യ നാല് മത്സരത്തിലും മോശം പ്രകടനമാവര്‍ത്തിച്ച സഞ്ജു സാംസണ്‍ സ്വന്തം മണ്ണില്‍ കാഴ്ചവെക്കുന്ന മികച്ച പ്രകടനം ആസ്വദിക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
മിഡില്‍ ഓര്‍ഡറില്‍ നിന്നും തന്റെ നാച്ചുറല്‍ പൊസിഷനിലേക്ക് മടങ്ങിയെത്തിയെങ്കിലും ആ റോളില്‍ തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. പരമ്പരയിലെ നാല് മത്സരത്തിലും താരത്തിന്റെ പ്രകടനം മോശമായിരുന്നു. നാല് ഇന്നിങ്സില്‍ നിന്നും 10.00 ശരാശരിയില്‍ നേടിയത് വെറും 40 റണ്‍സ് മാത്രമാണ്.
സഞ്ജു സാംസണ്‍ പുറത്താകുന്നു. Photo: Screengrab/YouTube
മോശം പ്രകടനം ആവര്‍ത്തിക്കുമ്പോള്‍ താരത്തിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുകയാണ്. സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയ കെട്ടിപ്പൊക്കിയ താരം മാത്രമാണെന്നും ഓവര്‍ റേറ്റഡാണെന്നും അടക്കമുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ഈ സാഹചര്യത്തില്‍ സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. സഞ്ജുവിനെ പിന്തുണയ്ക്കണമെന്നും എന്നാല്‍ താരം സ്‌കോര്‍ ചെയ്യുന്നില്ലെങ്കില്‍ ഇഷാന്‍ കിഷനെ കളത്തിലിറക്കാന്‍ അപെക്‌സ് ബോര്‍ഡ് ഒരുങ്ങുകയാണെങ്കില്‍ ആ തീരുമാനം മനസിലാക്കാന്‍ സാധിക്കുമെന്നും പത്താന്‍ പറയുന്നു.
ഇര്‍ഫാന്‍ പത്താന്‍
‘വ്യക്തിപരമായി സഞ്ജു സാംസണ്‍ മികച്ച രീതിയില്‍ റണ്‍സ് നേടുന്നത് കാണാന്‍ ഞാന്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്. അവന്‍ സ്‌കോര്‍ ചെയ്ത് ഏറെ കാലമായുള്ള തന്റെ പൊസിഷനിലേക്ക് മടങ്ങിയെത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം, അവന് സംഭവിച്ചതെല്ലാം തീര്‍ത്തും അനീതിയായിരുന്നു, അല്ലേ?
എന്നാല്‍ സഞ്ജു റണ്‍സ് സ്‌കോര്‍ ചെയ്യാതിരിക്കുകയും മാനേജ്‌മെന്റ് ഇഷാന്‍ കിഷനെ പകരം കൊണ്ടുവരികയും ചെയ്യുകയാണെങ്കില്‍, ആ തീരുമാനം മനസിലാക്കാന്‍ സാധിക്കുന്നതാണ്,’ പത്താന്‍ റേവ്‌സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
സഞ്ജു സാംസണ്‍. Photo: BCCI
ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സീതാന്‍ഷു കോട്ടക്കും സഞ്ജുവിനെ പിന്തുണച്ചുകൊണ്ട് കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. സഞ്ജു കരിയറില്‍ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്ന് പറഞ്ഞ കോട്ടക്, സഞ്ജുവിനെ കൊണ്ട് എന്തെല്ലാം സാധിക്കുമെന്ന് തങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും വ്യക്തമാക്കി.
‘സഞ്ജു ഒരു സീനിയര്‍ താരമാണ്. അവന്‍ ഏറെ മികച്ചവനുമാണ്. അവന്‍ മറ്റുള്ളവര്‍ നേടിയതുപോലെ റണ്‍സടിച്ചിട്ടുണ്ടാകില്ല, ഇതെല്ലാം ക്രിക്കറ്റിന്റെ ഭാഗമാണ്. ചിലപ്പോള്‍ തുടര്‍ച്ചയായി അഞ്ച് ഇന്നിങ്സുകളില്‍ നിങ്ങള്‍ ഒരുപാട് റണ്‍സ് അടിച്ചെന്നിരിക്കും, എന്നാല്‍ അതിന് ശേഷം ചിലപ്പോള്‍ അതിന് സാധിച്ചെന്ന് വരില്ല,’ കോട്ടക് പറഞ്ഞു.
ഈ സാഹചര്യത്തില്‍ തങ്ങളുടെ പൂര്‍ണ പിന്തുണ സഞ്ജുവിനുണ്ടെന്നും കോട്ടക് വ്യക്തമാക്കി.
സഞ്ജു സാംസണ്‍. Photo: BCCI
‘ഒരു വ്യക്തിയുടെ മനസ് എപ്രകാരമായിരിക്കണം, എങ്ങനെ ശക്തമായി നിലനിര്‍ത്തണമെന്നത് അയാളുടെ ഉത്തരവാദിത്തമാണ്. തീര്‍ച്ചയായും അവനെ ശരിയായ മാനസികാവസ്ഥയില്‍ നിലനിര്‍ത്തുക എന്നത് ഞങ്ങളുടെ ജോലിയാണ്.
അവന്‍ മികച്ച രീതിയില്‍ പരിശീലിക്കുകയും കഠിനാധ്വാനം ചെയ്യുന്നുമുണ്ട്. അവന്റെ കഴിവിനെ കുറിച്ചും അവന് എന്ത് ചെയ്യാന്‍ സാധിക്കും എന്നതിനെ കുറിച്ചും നമുക്കെല്ലാവര്‍ക്കുമറിയാവുന്നതാണ്. സഞ്ജുവിനെ കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ലെന്ന് ഞാന്‍ കരുതുന്നു,’ കോട്ടക് കൂട്ടിച്ചേര്‍ത്തു.
Content Highlight: Irfan Pathan backs Sanju Samson