| Monday, 28th September 2026, 3:02 pm

കളിക്കില്ലെന്ന ഭീഷണി, കറുത്ത ആംബാന്‍ഡ്, ഹസ്തദാനം നിഷേധിച്ചു: പ്രതിഷേധത്തിലാണ്ട് അയര്‍ലന്‍ഡ്-ഇസ്രഈല്‍ ഫുട്‌ബോള്‍ മത്സരം

ദേവിക ജയചന്ദ്രന്‍

ബുഡാപെസ്റ്റ്: അയര്‍ലന്‍ഡ് ഫുട്‌ബോള്‍ താരങ്ങളുടെ പ്രതിഷേധങ്ങളില്‍ മുങ്ങി ഇസ്രഈല്‍-അയര്‍ലന്‍ഡ് നാഷന്‍സ് ലീഗ് മത്സരം. കറുത്ത ആംബാന്‍ഡ് ധരിച്ചാണ് ഐറിഷ് ടീം കളത്തിലെത്തിയത്. ഗസയില്‍ നഷ്ടപ്പെട്ട ജീവനുകളുടെ ഓര്‍മയ്ക്കായാണ് അവര്‍ അത് ധരിച്ചത്.

ഇസ്രഈല്‍ ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ ഐറിഷ് താരങ്ങള്‍ തലകുനിച്ചുനില്‍ക്കുകയും ഇസ്രഈല്‍ കളിക്കാര്‍ക്ക് മത്സരത്തിനുമുമ്പ് ഹസ്തദാനം ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്തു.

ടോസിനുശേഷം ഐറിഷ് കാപ്റ്റന്‍ ദാരാ ഒ’ഷെ റഫറിയ്ക്കും സഹായികള്‍ക്കും കൈ കൊടുത്തെങ്കിലും ഇസ്രഈല്‍ കാപ്റ്റന്‍ മാനോര്‍ സോളമന് ഹസ്തദാനം നല്‍കിയില്ല.

നിഷ്പക്ഷവേദിയായ ഹംഗറിയിലെ ഡെബ്രസെനില്‍ നടന്ന മത്സരം തുടങ്ങും മുമ്പ് തന്നെ അയര്‍ലന്‍ഡ് കളിക്കാരുടെയും ആരാധകരുടെയും ഭാഗത്ത് നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഗസയിലെ ഇസ്രഈല്‍ നടപടികളില്‍ പ്രതിഷേധിച്ച് രണ്ട് മത്സരങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു.

റിസര്‍വ് ഗോള്‍കീപ്പര്‍ ഗാവിന്‍ ബസുനോ ശനിയാഴ്ച തന്നെ ടീം വിട്ടിരുന്നു. നിരപരാധികളെ കൊല്ലുന്നത് തെറ്റാണെന്ന വ്യക്തിപരമായ വിശ്വാസം തനിക്കുണ്ടെന്നാണ് ബസുനോ പറഞ്ഞത്.

ഇസ്രഈലിനെ യുവേഫയില്‍ നിന്നും വിലക്കണമെന്നാവശ്യപ്പെട്ട് അയര്‍ലന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടനയ്ക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ മത്സരം നിഷ്പക്ഷവേദിയിലേക്ക് മാറ്റുക മാത്രമാണ് യുവേഫ ചെയ്തത്. മാച്ച്‌ഡേയിലേക്ക് അടുക്കുന്തോറും പ്രതിഷേധം കൂടുകയായിരുന്നു.

മത്സരം കാണാന്‍ വളരെ ചെറിയൊരു സംഘം ഇസ്രഈലി ആരാധകര്‍ മാത്രമായിരുന്നു സ്റ്റേഡിയത്തിലുണ്ടായിരുന്നത്. ഐറിഷ് ആരാധകര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.

മത്സരത്തില്‍ അയര്‍ലന്‍ഡ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചു. മൂന്നാം ഗോള്‍ നേടിയ ജാക്ക് മൊയ്‌ലാന്‍ കറുത്ത ആംബാന്‍ഡില്‍ ചുംബിച്ചുകൊണ്ടാണ് ആഘോഷിച്ചത്. ട്രോയ് പാരറ്റ്, ആഡം ഐഡ എന്നിവര്‍ മറ്റുഗോളുകള്‍ നേടി.

കഴിഞ്ഞ മത്സരത്തില്‍ ഓസ്ട്രിയയ്‌ക്കെതിരെ ഗോള്‍നേടിയ ശേഷം തോക്കിന്റെ ആംഗ്യം കാണിച്ച ഇസ്രഈലി താരം സയീദ് അബു ഫര്‍ചിയ്ക്ക റെഡ് കാര്‍ഡ് ലഭിച്ചിരുന്നു.

നേഷന്‍സ് ലീഗില്‍ ഇരുടീമുകളും ഒരുതവണ കൂടി ഏറ്റുമുട്ടും. അയര്‍ലന്‍ഡിന്റെ ‘ഹോംമാച്ച്’ സെര്‍ബിയയിലെ ബക്ക ടൊപോലയില്‍ നടക്കും.

Content Highlight: Ireland players wear black armbands and refrain from handshakes in soccer game against Israel

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more