2026 ടി-20 ലോകകപ്പില്‍ അയര്‍ലാന്‍ഡും ഒമാനും തമ്മിലുള്ള മത്സരം കൊളംബോയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് അയര്‍ലാന്‍ഡ് നേടിയത്. ഇതോടെ സ്വന്തം ടീമിന്റെ ചരിത്രം തിരുത്തിയെഴുതിയിരിക്കുകയാണ് അയര്‍ലാന്‍ഡ്. അന്താരാഷ്ട്ര ടി-20യില്‍ അയര്‍ലാന്‍ഡ് നേടുന്ന ഏറ്റവും വലിയ ടോട്ടലാണിത്. നേരത്തെ ഓസ്ട്രിയക്കെതിരെ നാല് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് നേടി വിജയിക്കാന്‍ അയര്‍ലാന്‍ഡിന് സാധിച്ചിരുന്നു. ഒമാനെതിരെ 64 റണ്‍സിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട ഇടത്ത് നിന്നാണ് അയര്‍ലാന്‍ഡ് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്.
235/5 – ഒമാന് – 2026
226/4 – ഓസ്ട്രിയ – 2023
225/7 – അഫ്ഗാനിസ്ഥാന്‍ – 2013
221/5 – ഇന്ത്യ – 2022
അയര്‍ലാന്‍ഡിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ലോര്‍ക്കന്‍ ടക്കറാണ്. 51 പന്തില്‍ നിന്ന് നാല് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 94 റണ്‍സാണ് താരം അടിച്ചെടുത്തത്. 184.31 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. പുറത്താകാതെയാണ് താരം വെടിക്കെട്ട് പ്രകടനം നടത്തിയത്.
താരത്തിന് പുറമെ അവസാന ഘട്ടത്തില്‍ സ്‌ട്രൈക്കിലെത്തിയ ജോര്‍ജ് ഡോക്രെല്‍ അമ്പരപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് നടത്തിയത്. വെറും ഒമ്പത് പന്തില്‍ നിന്ന് അഞ്ച് സിക്‌സ് ഉള്‍പ്പെടെ പുറത്താകാതെ 35 റണ്‍സാണ് താരം അടിച്ചിട്ടത്. 388.88 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ഇരുവര്‍ക്കും പുറമെ 30 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 56 റണ്‍സ് നേടിയ ഗാരെത് ഡിലാനിയും തകര്‍പ്പന്‍ പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവെച്ചത്. ഇതോടെ ടി-20യില്‍ 10ാം തവണയാണ് അയര്‍ലാന്‍ഡ് 200+ സ്‌കോര്‍ നേടുന്നത്.
അതേസമയം ഒമാന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് മൂന്ന് വിക്കറ്റുകള്‍ നേടിയ ഷക്കീല്‍ അഹ്‌മദാണ്.ഷാ ഫൈസല്‍, ആമിര്‍ കലീം എന്നിവര്‍ ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങുന്ന ഒമാന് വലിയറണ്‍മലയാണ് കയറാനുള്ളത്. മത്സരത്തില്‍ ആര് വിജയക്കൊടി പാറിക്കുമെന്ന് കണ്ടറിയേണ്ടതാണ്.
Content Highlight: Ireland In Great Record Achievement Against Oman In International T20