| Wednesday, 24th December 2025, 12:09 pm

പ്രേതത്തിന്റെ കാര്യത്തില്‍ ക്ലീഷേ ബ്രേക്ക് ചെയ്തിട്ടുണ്ട്, നമ്മള്‍ കണ്ട ചില ടിപ്പിക്കല്‍ മോഡലുകള്‍ ഉണ്ടല്ലോ: അഖില്‍ സത്യൻ

നന്ദന എം.സി

മലയാള സിനിമയിൽ പ്രേതം എന്നാൽ സാധാരണയായി പ്രേക്ഷകരെ പേടിപ്പിക്കുകയോ ചിരിപ്പിക്കുകയോ ചെയ്യുന്ന ഒരു ടിപ്പിക്കൽ മോഡലാണ്. വെള്ള സാരിയും രാത്രി പേടിപ്പിക്കുകയും ചെയ്യുന്ന സ്ഥിരം ഫോർമുല. എന്നാൽ ആ പതിവ് ചട്ടക്കൂടുകൾ തകർത്താണ് ‘സര്‍വം മായ’യിൽ പ്രേതത്തെ അവതരിപ്പിച്ചതെന്ന് സംവിധായകൻ അഖിൽ സത്യൻ പറയുന്നു.

ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്കും നിവിനും പ്രേതങ്ങളെ പേടിയാണ്. പ്രേതങ്ങളെ പേടിയുള്ള രണ്ടു പേർ ചേർന്ന് ഒരു പ്രേതപടം നിർമ്മിക്കുന്നു. ഒരു മുറിക്കകത്തിരുന്ന് ഒരു പ്രേതത്തെ കുറിച്ചെഴുതാൻ എനിക്ക് സാധിക്കില്ല. ഞാൻ പ്രേതമായാൽ എങ്ങനെയായിരിക്കുമെന്നാണ് ചിന്തിച്ചത്. ഞാൻ ഒരു പ്രേതമായിരുന്നെങ്കിൽ എനിക്ക് വേറെ ഒരു പ്രേതത്തിനെയായിരിക്കും പേടി.

നിവിൻ പോളി, അജു വർഗീസ്‌, Photo: Nivin Pauly / Facebook

കുറച്ച് റിയലിസ്റ്റിക് ആയിട്ടുള്ള പ്രേതങ്ങളെ എങ്ങനെ സിനിമയിൽ കൊണ്ടുവരാം എന്നാണ് ഞാൻ നോക്കിയത്. അതിനാൽ തന്നെ കുറെ കാര്യങ്ങൾ ഈസിയായി. ഈ ടിപ്പിക്കൽ സിനിമകളിൽ കാണുന്ന പോലെയുള്ള ആ മോഡൽ പ്രേതങ്ങളെ ഇതിൽ ആവശ്യം വന്നിട്ടില്ല. വി.എഫ്.എക്സ് ഇല്ല. ഈ കാര്യങ്ങൾ കൊണ്ടെല്ലാം പ്രേതത്തിന്റെ കാര്യത്തിൽ ഈ സിനിമ സ്ഥിരം ക്ലീഷേ ബ്രേക്ക് ചെയ്തിട്ടുണ്ട്,’ അഖിൽ സത്യൻ പറഞ്ഞു.

‘സര്‍വം മായ’ സിനിമയിൽ ആകെ ഒന്നോ രണ്ടോ ഷോട്ടിൽ മാത്രമാണ് വി.എഫ്.എക്സ് ആവശ്യമായി വന്നത്. എഡിറ്റിലാണ് പ്രേതത്തിന്റെ കളിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രേതമായി വന്ന് ആളുകളെ പേടിപ്പിക്കേണ്ട സിറ്റുവേഷൻ ഒന്നും വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിന്റർ, ഭൂതകാലം, തുടങ്ങിയ സിനിമകളിൽ ഇത്തരം സ്ഥിരം ക്ലീഷേ ബ്രേക്ക് ചെയ്തതായി കാണാൻ സാധിക്കും. ഭൂതകാലം ക്ലീഷേ പ്രേതങ്ങളെ പൂർണമായി തള്ളി നിർത്തിയ ചിത്രമാണ്. ഇവിടെ പ്രേതം ഒരാൾ അല്ല, വിഷാദവും ഒറ്റപെടലുമാണ് യഥാർത്ഥ ഭീതി എന്ന് ചിത്രം തുറന്നു പറയുന്നു.

ഡീയസ് ഈറെ ട്രെയ്‌ലറില്‍നിന്ന്/ Screengrab

അടുത്തിടെ തീയേറ്ററുകളിൽ വൻ വിജയം തീർത്ത രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഡീയസ് ഈറെ’ യും ഇത്തരത്തിൽ സ്ഥിരം ക്ലീഷേ പ്രേതങ്ങളെ ബ്രേക്ക് ചെയ്ത സിനിമയായിരുന്നു .

ഫഹദ് നായകനായെത്തിയ ‘പാച്ചുവും അത്ഭുതവിളക്കി’നും ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സര്‍വം മായ’. നിവിൻ പോളി, അജു വർഗ്ഗീസ്, ജനാർദ്ദനൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഹൊറർ കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്.

Content Highlight: Director Akhil Sathyan talks about the movie Sarvam maya

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more