| Friday, 6th March 2026, 11:00 am

'കുര്‍ദുകളെ വെറുതെ വിടുക, ഞങ്ങള്‍ വാടകയ്‌ക്കെടുക്കാവുന്ന തോക്കുകളല്ല': ട്രംപിനെതിരെ ഇറാഖി പ്രഥമ വനിത

ആദര്‍ശ് എം.കെ.

ദുബായ്: അമേരിക്ക തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി കുര്‍ദുകളെ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഇറാഖി പ്രഥമ വനിത ഷാനാസ് ഇബ്രാഹിം അഹമ്മദ്. പ്രസ്താവനയിലൂടെയാണ് ഷാനാസ് ഇബ്രാഹിം ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാനെതിരായ യുദ്ധത്തില്‍ കുര്‍ദിഷ് പ്രതിപക്ഷ ഗ്രൂപ്പുകളെ ആയുധവുമായി അണിനിരത്താന്‍ ഇസ്രഈലിനും അമേരിക്കയ്ക്കും താത്പര്യമുണ്ടെന്നും അതിന്റെ ഭാഗമായുള്ള ശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഷാനാസ് ഇബ്രാഹിം മുന്നറിയിപ്പ് നല്‍കിയത്.

‘കുര്‍ദുകളെ വെറുതെ വിടുക. ഞങ്ങള്‍ വാടകയ്‌ക്കെടുക്കാവുന്ന തോക്കുകളല്ല’ (Leave the Kurds alone. We are not guns for hire) എന്നാണ് വിഷയത്തില്‍ അവരുടെ നിലപാട്.

ഈ പ്രസ്താവനയ്ക്ക് പിന്നാലെ ഇറാനെതിരെ കുര്‍ദിഷ് ഗ്രൂപ്പുകള്‍ നീങ്ങുന്നതിനെ താന്‍ പിന്തുണയ്ക്കുന്നുവെന്ന് റോയ്‌ട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ‘അവര്‍ അത് ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നത് അത്ഭുതകരമായ കാര്യമാണെന്ന് ഞാന്‍ കരുതുന്നു’ എന്നായിരുന്നു ട്രംപ് പറഞ്ഞത്.

മുന്‍കാലങ്ങളില്‍ കുര്‍ദുകള്‍ എപ്രകാരമാണ് വഞ്ചിക്കപ്പെട്ടതെന്ന് കുര്‍ദിഷ് വംശജ കൂടിയായ ഷാനാസ് അഹമ്മദ് പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.

1991ല്‍ സദ്ദാം ഹുസൈന്‍ ഭരണകൂടത്തിനെതിരെ കുര്‍ദുകളെ കലാപം നടത്താന്‍ പ്രോത്സാഹിപ്പിച്ചുവെങ്കിലും, ഭരണകൂടം ടാങ്കുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് അവരെ അടിച്ചമര്‍ത്തിയപ്പോള്‍ ലോകശക്തികള്‍ ആരും തന്നെ സഹായത്തിനെത്തിയില്ലെന്നും അവരെ പൂര്‍ണമായും ഉപേക്ഷിച്ചുവെന്നും ഷാനാസ് ചൂണ്ടിക്കാട്ടി.

‘റപ്പാരിന്‍’ എന്ന പേരിലറിയപ്പെടുന്ന ഈ സംഭവം ഇന്നും കുര്‍ദുകളുടെ മനസ്സിനെ മുറിപ്പെടുത്തുന്ന ഒന്നാണെന്ന് അവര്‍ പറഞ്ഞു.

സിറിയയിലെ കുര്‍ദ് സൈന്യം ഐ.എസ്.ഐ.എസിനെതിരെ പോരാടിയെങ്കിലും, സിറിയന്‍ സര്‍ക്കാരിന്റെ സെനിക നീക്കത്തില്‍ പാശ്ചാത്യ സഖ്യകക്ഷികള്‍ അവരെ പാതിവഴിയില്‍ ഉപേക്ഷിച്ച കാര്യവും അവര്‍ പരാമര്‍ശിച്ചു

‘പലപ്പോഴും കുര്‍ദുകളുടെ കരുത്തോ അല്ലെങ്കില്‍ അവരുടെ ത്യാഗമോ ആവശ്യമായി വരുമ്പോള്‍ മാത്രമാണ് എല്ലാവരും അവരെ ഓര്‍ക്കുന്നത്. ഇന്ന് ഇറാഖിലെ കുര്‍ദുകള്‍ കാലങ്ങള്‍ക്കൊടുവില്‍ സുസ്ഥിരതയുടെയും അന്തസ്സുള്ള ജീവിതത്തിന്റെയും രുചി അറിഞ്ഞുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ലോകത്തെ വന്‍ശക്തികള്‍ കുര്‍ദുകളെ വെറും കരുക്കളായി കാണുന്നത് അംഗീകരിക്കാന്‍ കഴിയില്ല, അത് അസാധ്യമാണ്,’ ഷാനാസ് പറഞ്ഞു.

അതേസമയം, കുര്‍ദിഷ് പ്രതിപക്ഷ ഗ്രൂപ്പുകളോ കുര്‍ദിസ്ഥാന്‍ മേഖലയിലുള്ളവരോ ഇറാനിലേക്ക് കരസേനാ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുര്‍ദിസ്ഥാന്‍ ഫ്രീഡം പാര്‍ട്ടി, കൊമാല പാര്‍ട്ടി, കുര്‍ദിസ്ഥാന്‍ ഫ്രീ ലൈഫ് പാര്‍ട്ടി എന്നീ സംഘടനകളെല്ലാം ഇത്തരം സൈനിക നീക്കങ്ങള്‍ നടന്നിട്ടില്ലെന്ന് വ്യക്തമാക്കി.

കുര്‍ദിസ്ഥാന്‍ റീജ്യണല്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ആക്രമണം നടത്തിയെന്ന വാര്‍ത്തകളെ തള്ളി.

ഈ റിപ്പോര്‍ട്ടുകളെ വ്യാജ വാര്‍ത്തകളെന്നായിരുന്നു പ്രധാനമന്ത്രി മസ്റൂര്‍ ബാര്‍സാനിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അസീസ് അഹമ്മദ് വിശേഷിപ്പിച്ചത്. ഒറ്റ ഇറാഖി കുര്‍ദുകള്‍ പോലും അതിര്‍ത്തി കടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Content highlight: Iraqi First Lady Shanaz Ibrahim Ahmed is against the US using the Kurds for its political interests.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more