| Thursday, 12th March 2026, 1:56 pm

ഇറാനെ ആക്രമിക്കാനായി ഇറാഖിനെ താവളമാക്കാന്‍ ആരെയും അനുവദിക്കില്ല: ഇറാഖ് പ്രധാനമന്ത്രി

അനിത സി

ബാഗ്ദാദ്: ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് യു.എസ് ഇറാഖിന്റെ വ്യോമാതിര്‍ത്തിയടക്കം ഉപയോഗിക്കുന്നതിനെ എതിര്‍ത്ത് ഇറാഖ് ഭരണകൂടം.

ഇറാനെ ആക്രമിക്കുന്നതിനായി ഇറാഖിന്റെ പ്രദേശങ്ങള്‍ താവളങ്ങളായി ഉപയോഗിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി പറഞ്ഞു. ബുധനാഴ്ച ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാനുമായി സംസാരിക്കവെയാണ് അല്‍ സുഡാനി നിലപാട് വെളിപ്പെടുത്തിയത്.

ഇറാന്റെ സുരക്ഷയ്ക്ക് ഇറാഖ് പ്രതിജ്ഞാബദ്ധമാണ്. ഇറാഖ് പ്രദേശത്തെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ പരമാധികാരത്തിന്റെ ലംഘനമാണ്. യുദ്ധം അവസാനിപ്പിച്ച് ചര്‍ച്ചകള്‍ക്ക് ശ്രമിക്കണമെന്ന ഇറാഖിന്റെ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് ആക്രമണങ്ങളെന്നും ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു.

ഇറാനെ ലക്ഷ്യം വെക്കുന്ന നിയമവിരുദ്ധമായ ആക്രമണത്തെ അദ്ദേഹം അപലപിച്ചു. മേഖലയുടെയും ഇറാന്റെയും സുരക്ഷയിലും സമാധാനത്തിലും ആശങ്കയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ഇറാനിലെ ആക്രമണം അവസാനിപ്പിക്കണം. പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായ സംഘര്‍ഷത്തില്‍ നിന്നും മാറി ചര്‍ച്ചയുടെയും സമാധാനപരമായ പരിഹാരങ്ങളുടെയും യുക്തിയിലേക്ക് മടങ്ങണമെന്നും അതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഇറാഖ് പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, ഇറാഖിലെ ഖോര്‍ അല്‍ സുബൈര്‍ തുറമുഖത്തില്‍ വെച്ച് യു.എസ് എണ്ണ ടാങ്കറിന് നേരെ ഇറാന്‍ നടത്തിയ ചാവേര്‍ ബോട്ട് ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു.

മുപ്പതിലേറെ പേരെ രക്ഷപ്പെടുത്തി. യു.എസ് ഉടമസ്ഥതയിലുള്ള മാര്‍ഷല്‍ ദ്വീപിന്റെ പതാക വഹിക്കുന്ന സഫീസിയ വിഷ്ണു എന്ന എണ്ണക്കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിന് പിന്നാലെ ഇറാഖ് ഓയില്‍ ടെര്‍മിനല്‍ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.

Content Highlight: Iraq will not be allowed to use Iraq as a base to attack Iran: Iraqi Prime Minister

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more