| Monday, 26th October 2026, 8:02 pm

തങ്ങളുടെ താവളങ്ങളും പടക്കോപ്പുകളെയും ആക്രമിച്ചത് ഇസ്രഈലെന്ന് ഇറാഖ് സംശയിക്കുന്നു; റിപ്പോര്‍ട്ട്

ആദർശ് എം.കെ.

ബാഗ്ദാദ്: കഴിഞ്ഞയാഴ്ച ഇറാഖിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്രഈലാണെന്ന് ഇറാഖ് സംശയിക്കുന്നതായി റിപ്പോര്‍ട്ട്.

രാജ്യത്ത് പുതുതായി എത്തിച്ചതായി കരുതുന്ന ചൈനീസ് നിര്‍മിത വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇറാഖിലെ ഷിയാ മിലിഷ്യകള്‍ക്കായി ഇറാനില്‍ നിന്ന് അടുത്തിടെ എത്തിച്ച വെടിക്കോപ്പുകളുമാണ് പ്രധാനമായും ആക്രമിക്കപ്പെട്ടത്.

ആക്രമണത്തിന്റെ കൃത്യമായ സ്വഭാവം ഇറാഖി അധികാരികള്‍ ഇതുവരെ ഔദ്യോഗികമായി പൂര്‍ണമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇതിന് പിന്നില്‍ ഇസ്രഈലാണെന്ന് വിശ്വസിക്കാന്‍ തക്ക ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഈ ആക്രമണം നടത്തിയത് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണോ അതോ ഡ്രോണുകള്‍ ഉപയോഗിച്ചാണോ എന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് നിസ്സാര പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തിന് പിന്നിലെ മുഴുവന്‍ സാഹചര്യങ്ങളെക്കുറിച്ചും ഇറാഖി അധികൃതര്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.

ഇറാഖില്‍ ഇസ്രഈല്‍ നടത്തുന്ന സൈനിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

യു.എസുമായി സഹകരിച്ച് ഇസ്രഈല്‍ വ്യോമസേനയ്ക്കുള്ള ലൊജിസ്റ്റിക് കേന്ദ്രമായും സ്‌പെഷ്യല്‍ ഫോഴ്‌സിനെ പാര്‍പ്പിക്കുന്നതിനുമായി ഇസ്രഈല്‍ ഇറാഖില്‍ ഒരു രഹസ്യ സൈനിക താവളം സ്ഥാപിച്ചിട്ടുണ്ടെന്ന് ആറ് മാസം മുന്‍പ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒക്ടോബര്‍ മാസം ആരംഭിച്ചത് മുതല്‍ ഇറാഖിന്റെ വ്യോമാതിര്‍ത്തി നിരവധി തവണ ലംഘിക്കപ്പെട്ടതായി ‘ഇസ്‌ലാമിക് റെസിസ്റ്റന്‍സ് ഇന്‍ ഇറാഖും’ (Islamic Resistance in Iraq) വ്യക്തമാക്കിയിട്ടുണ്ട്.

പോരാട്ട വിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും ചേര്‍ന്ന് ഒക്ടോബറില്‍ മാത്രം വലിയ തോതില്‍ വ്യോമാതിര്‍ത്തി ലംഘനം നടത്തിയതായി ഇവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്

Content highlight: Iraq suspects Israel of attacking its bases and military equipment; Report

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more