വനിതാ ഏഷ്യന്‍ കപ്പ് ഉദ്ഘാടന മത്സരത്തിനു മുന്നോടിയായി ദേശീയ ഗാനം ആലപിക്കാതെ ഇറാനിയന്‍ വനിതാ ദേശീയ ഫുട്‌ബോള്‍ ടീം. ഗോള്‍ഡ് കോസ്റ്റിലെ സിബസ് സൂപ്പര്‍ സ്റ്റേഡിയത്തില്‍ സൗത്ത് കൊറിയക്കെതിരെ നടന്ന മത്സരത്തിന് മുന്നോടിയായാണ് ഇറാന്‍ ദേശീയഗാനം പാടാന്‍ കൂട്ടാക്കാതിരുന്നത്.
മത്സരത്തിന് മുമ്പുള്ള പതിവെന്നോണം ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ ടീം അത് ആലപിക്കാന്‍ കൂട്ടാക്കിയില്ല. ദേശീയ ഗാനം ആലപിച്ചില്ലെന്ന് മാത്രമല്ല, ഹെഡ് കോച്ച് മര്‍സിയേ ജാഫരിയും ഇറാനിയന്‍ താരങ്ങളും അനങ്ങാതെ നില്‍ക്കുകയുമായിരുന്നു.
ഇറാനില്‍ യു.എസ്.എയും ഇസ്രഈലും നടത്തുന്ന ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ കൊല്ലപ്പെട്ടതിന്റെ പ്രതിഷേധ സൂചകമെന്നോണമാണ് താരങ്ങള്‍ ദേശീയഗാനം ആലപിക്കാതിരുന്നത്.
മത്സരത്തിന് മുന്നോടിയായി ഞായറാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിനിടെ, ഇറാന്‍ ക്യാപ്റ്റന്‍ സെഹ്റ ഘന്‍ബാരിയോടും കോച്ച് ജാഫരിയോടും ഖാംനഇയുടെ മരണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. എന്നാല്‍ ഉടന്‍ തന്നെ ആ ചോദ്യം വിലക്കപ്പെട്ടു.
ചോദ്യത്തിന് കോച്ച് പേര്‍ഷ്യന്‍ ഭാഷയില്‍ ഉത്തരം നല്‍കിയെങ്കിലും എ.എഫ്.സി പ്രതിനിധി വിവര്‍ത്തനം പോലും നല്‍കാതെ ആ മറുപടി തടസ്സപ്പെടുത്തിയെന്ന് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
”ശരി, നിങ്ങളുടെ ചോദ്യത്തിനുള്ള മറുപടി ഇതേയുള്ളൂ എന്ന് ഞാന്‍ കരുതുന്നു. ചോദ്യത്തിന് നന്ദി. നമുക്ക് കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം,” എന്നായിരുന്നു എ.എഫ്.സി പ്രതിനിധിയുടെ മറുപടി.
അതേസമയം, മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഇറാന്‍ പരാജയപ്പെട്ടിരുന്നു. ആദ്യ പകുതിയില്‍ ചോ യു-രിയുടെയും രണ്ടാം പകുതിയില്‍ കിം ഹെയ്-രിയുടെ ഇരട്ട ഗോളിന്റെയും കരുത്തിലാണ് ദക്ഷിണ കൊറിയ മത്സരം വിജയിച്ചത്.
ഈ വിജത്തോടെ ഇറാന്‍ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്സില്‍ ഒന്നാമതെത്തി. ഇറാന്‍ അവസാന സ്ഥാനത്താണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഓസ്‌ട്രേലിയ എതിരില്ലാത്ത ഒരു ഗോളിന് ഫിലിപ്പൈന്‍സിനെയും പരാജയപ്പെടുത്തി.
അതേസമയം, ഫിഫ ലോകകപ്പിന് ഇനി നൂറ് നാള്‍ മാത്രം ശേഷിക്കെ ഇറാനിയന്‍ പുരുഷ ടീമിന്റെ പങ്കാളിത്തവും അനിശ്ചിതത്വത്തിലാണ്. ലോകകപ്പില്‍ നിന്നും ഇറാന്‍ പിന്മാറുമെന്ന് ഫിഫയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പ് ജി-യിലാണ് ഇറാന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബെല്‍ജിയം, ഈജിപ്ത്, ന്യൂസിലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
Content Highlight: Iranian women’s national football team skips national anthem ahead of Women’s Asian Cup opening match