| Monday, 27th October 2025, 4:58 pm

ഡി.ജെ പാട്ടിനൊപ്പം ഹിജാബ് കൂട്ടിയിട്ട് കത്തിച്ച് ഇറാനിയന്‍ സ്ത്രീകള്‍; വീഡിയോ വൈറല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാന്‍: ഇറാനില്‍ ഹിജാബ് കൂട്ടിയിട്ട് കത്തിക്കുന്ന സ്ത്രീകളുടെ വീഡിയോ വൈറല്‍. രാജ്യത്തെ ഹിജാബ് നിയമത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഒരു സംഘം യുവാക്കളും യുവതികളും നടത്തിയ പരിപാടിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഡി.ജെ പാട്ടുകള്‍ക്കൊപ്പം വലിയ ആഹ്ലാദ പ്രകടനത്തോട് കൂടിയാണ് ഇവർ പരിപാടി സംഘടിപ്പിച്ചത്.

കഴിഞ്ഞ മാസം, ഹിജാബ് തെരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍ പറഞ്ഞിരുന്നു. എന്‍.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പെസസ്‌കിയാന്റെ പരാമര്‍ശം.

മഹ്സ അമിനിയുടെ മരണത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ പ്രതിഷേധങ്ങളാണ് ഇറാനിയന്‍ ഭരണകൂടത്തെ പിടിച്ചുലച്ചതെന്നും പെസസ്‌കിയാന്‍ പറഞ്ഞിരുന്നു.

നിലവിൽ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇറാനിൽ നിന്നുള്ള ദൃശ്യങ്ങള്‍ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. ‘ഇറാനിയന്‍ സ്ത്രീകള്‍ക്ക് അഭിനന്ദങ്ങള്‍’ എന്നാണ് പലരുടെയും പ്രതികരണം. ഇറാനിലുടനീളം ഇത്തരത്തില്‍ ആഹ്ലാദ പ്രകടനം നടന്നതായാണ് വിവരം.

മാത്രമല്ല ഇറാനില്‍ വിവാദ ഹിജാബ് നിയമം നിര്‍ബന്ധമല്ലാതാക്കിയെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരായ ശിക്ഷാനടപടികള്‍ അവസാനിപ്പിച്ചതായും അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറാനിലെ എക്‌സ്‌പെഡിയന്‍സി ഡിസ്സേണ്‍മെന്റ് കൗണ്‍സില്‍ അംഗമായ മുഹമ്മദ്റെസ ബഹോനറിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഹിജാബ് നിയമം നടപ്പാക്കുന്നത് നിയമപരമായി സാധ്യമല്ലെന്ന് അറിയിച്ചുകൊണ്ട് മുഹമ്മദ്‌റെസ പത്രക്കുറിപ്പ് ഇറക്കിയതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപുറമെ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം കടുത്തതോടെ 2024 നവംബറില്‍ പ്രാബല്യത്തില്‍ വരാനിരുന്ന ഹിജാബ് നിയമം ഇറാന്‍ ഭരണകൂടം താത്കാലികമായി നിര്‍ത്തലാക്കിയിരുന്നു. ‘ഹിജാബ്, ചാരിറ്റി നിയമം’ ആണ് ഇറാന്‍ നിര്‍ത്തിവെച്ചത്.

മുടി, കൈത്തണ്ട, കാലുകള്‍ എന്നിവ പൂര്‍ണമായി മറയ്ക്കാത്ത സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പിഴ, 15 വര്‍ഷം വരെ നീണ്ട ജയില്‍ ശിക്ഷ, നിയമം ലംഘിക്കുന്നവരുടെ ബിസിനസുകള്‍ ബാന്‍ ചെയ്യല്‍ എന്നിവ ഉള്‍പ്പെടെ കര്‍ശനമായ ശിക്ഷകളാണ് ഈ നിയമം നിര്‍ദേശിച്ചിരുന്നത്.

ഈ സംഭവങ്ങള്‍ക്കിടെ രൂക്ഷമായ പ്രതിഷേധങ്ങള്‍ക്കാണ് ഇറാന്‍ സാക്ഷ്യം വഹിച്ചത്. മഹ്‌സ അമിനിയുടെ ദുരൂഹര മരണമായിരുന്നു ഈ പ്രതിഷേധങ്ങളുടെയെല്ലാം പശ്ചാത്തലം.

ഹിജാബ് നിയമത്തിനെതിരെ നിരവധി സ്ത്രീകള്‍ പരസ്യമായി ഇറാന്റെ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ബിക്കിനി ധരിച്ചുകൊണ്ട് ടെഹ്‌റാനില്‍ ഒരു യുവതി നടത്തിയ പ്രതിഷേധം അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു.

യുവതിക്കെതിരായ നിയമനടപടിയെ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെ ചോദ്യം ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇറാനില്‍ നിന്നുള്ള പുതിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

Content Highlight: Iranian women burn hijabs to the beat of a DJ’s song; video goes viral

We use cookies to give you the best possible experience. Learn more