ടെഹ്‌റാന്‍: യു.എസിനും ഇസ്രഈലിനുമെതിരെ യുദ്ധക്കുറ്റകൃത്യങ്ങളില്‍ നിയമ നടപടി സ്വീകരിക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇ. 2025-2026 വര്‍ഷങ്ങളിലെ സംഘര്‍ഷങ്ങളില്‍ ഇറാനെതിരെ നടന്ന കുറ്റകൃത്യങ്ങള്‍ രാജ്യത്തിന്റെ നിയമപരമായ വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്നും ഖാംനഇ പറഞ്ഞു.
ജുഡീഷ്യറി വാരാചരണത്തിന്റെ ഭാഗമായുള്ള പ്രസ്താവനയിലാണ് ഖാംനഇ ഈ കാര്യങ്ങള്‍ പറഞ്ഞത്. പ്രസ്താവന ഖാംനഇ സമൂഹമാധ്യമമായ എക്‌സില്‍ പല പോസ്റ്റുകളിലായി പങ്കുവച്ചിട്ടുണ്ട്.
ആഭ്യന്തര, അന്താരാഷ്ട്ര കോടതികളില്‍ യു.എസിനും ഇസ്രഈലിനുമെതിരെ യുദ്ധക്കുറ്റങ്ങള്‍ക്ക് നടപടി സ്വീകരിക്കാനന്‍ അധികൃതരുടെ ഇടപെടലുണ്ടാവണം. അടിച്ചമര്‍ത്തല്‍ നേരിടുന്ന എല്ലാവര്‍ക്കും അഭയം തേടാന്‍ കഴിയുന്ന ഇടങ്ങളായി ജുഡീഷ്യറിയുടെ എല്ലാ തലങ്ങളും മാറണമെന്നും ഖാംനഇ പറഞ്ഞു.
യു.എസ് – ഇസ്രഈല്‍ സഖ്യം ഇറാനില്‍ യുദ്ധത്തില്‍ കുട്ടികളും വയോധികരും അടക്കമുള്ളവരെ കൊലപ്പെടുത്തിയെന്നും യുദ്ധം രാജ്യത്തെ ജനങ്ങളെ ഭൗതികമായും മാനസികമായും ബാധിച്ചെന്നും ഖാംനഇ തന്റെ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
ആരോഗ്യ കേന്ദ്രങ്ങള്‍ക്കും മിനാബിലെ സ്‌കൂളിനും നേര്‍ക്കും അടക്കം നടന്ന യു.എസ് – ഇസ്രഈല്‍ ആക്രമണങ്ങള്‍ക്കെതിരെ കോടതികളെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല മുജ്തബ ഖാംനഇയുടെ കൊലപാതകത്തെക്കുറിച്ചും മുജ്തബ ഖാംനഇയുടെ പ്രസ്താവനയില്‍ സൂചിപ്പിക്കുന്നുണ്ട്.
‘ഈ യുദ്ധങ്ങള്‍ കാരണം ഇറാനിലെ ജനങ്ങള്‍ക്ക് ഭൗതികമായ നാശനഷ്ടങ്ങളുണ്ടായി, മനശാസ്ത്രപരമായ പ്രശ്‌നങ്ങളും അവര്‍ നേരിട്ടു. മിനാബിലെയും ലാമെര്‍ദിലെയും ആക്രമണങ്ങളും കുഞ്ഞുങ്ങളുടെ കൊലപാതകവും അടക്കമുള്ള യുദ്ധക്കുറ്റകൃത്യങ്ങള്‍ യു.എസ് – ഇസ്രഈല്‍ പക്ഷത്തുനിന്നുണ്ടായി. ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേര്‍ക്കും അവര്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇവക്കെല്ലാം എതിരെ ആഭ്യന്തര, അന്താരാഷ്ട്ര കോടതികളെ സമീപിക്കണം,’ മുജ്തബ ഖാംനഇ അഭിപ്രായപ്പെട്ടു.
‘നവജാത ശിശുക്കള്‍ മുതല്‍ വയോധികരെ വരെ അവര്‍ കൊലപ്പെടുത്തി. നമ്മുടെ പരമോന്നത നേതാവിനെയും അവര്‍ കൊലപ്പെടുത്തി,’ പ്രസ്താവനയില്‍ പറയുന്നു.
അവരുടെ എല്ലാ കൊലപാതകങ്ങളും പ്രത്യേകം പരിഗണിക്കുകയാണെങ്കില്‍ ആയിരക്കണക്കിന് കേസുകളായിരിക്കും കോടതികള്‍ക്ക് മുമ്പിലെത്തുക. ഈ കുറ്റവാളികളെ മുഴുവന്‍ ശിക്ഷിക്കുകയും അവരുടെ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്ക് നീതി വാങ്ങിക്കൊടുക്കുകയും വേണമെന്നും ഖാംനഇ പറഞ്ഞു.
യു.എസിനെയും ഇസ്രഈലിനെയും അന്താരാഷ്ട്ര ക്രിമിനലുകളെന്നും ആക്രമകാരികളെന്നും അഹങ്കാരം നിറഞ്ഞ അധികാര കേന്ദ്രങ്ങളെന്നും ഖാംനഇ തന്റെ പ്രസ്താവനയില്‍ വിശേഷിപ്പിച്ചു.
‘അന്താരാഷ്ട്ര ക്രിമിനലുകളും അക്രമകാരികളുമായവര്‍ ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവുമായി നടത്തിയ കുറ്റകൃത്യങ്ങള്‍ കാരണം ഇറാനില്‍ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ്. ഇതാണ് ഇപ്പോള്‍ ഇറാന്‍ എന്ന രാഷ്ട്രം നേരിടുന്ന ഏറ്റവും പ്രധാന നീതിന്യായ പ്രതിസസന്ധികളിലൊന്ന്,’ പ്രസ്താവനയില്‍ പറയുന്നു.
‘യു.എസ് – ഇസ്രഈല്‍ പക്ഷത്തിലെ നേതാക്കള്‍ പലരും പല തുറന്നുപറച്ചിലുകളും നടത്തിയിരുന്നു. അവ കുറ്റകൃത്യങ്ങള്‍ നടത്തിയതായി സമ്മതിക്കുന്നവയാണ്. ഇത് ഇറാനെതിരായ മനുഷ്യാവകാശ ലംഘനങ്ങളില്‍ നിയമനടപടികള്‍ സ്വീകരിക്കാനുള്ള കാരണങ്ങള്‍ വ്യക്തമാക്കിത്തരുന്നു,’ ഖാംനഇ പറഞ്ഞു.
ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും പൊതു അവകാശങ്ങളും നിയമപരമായ സ്വാതന്ത്ര്യവും പുനസ്ഥാപിക്കാനുമുള്ള ചുമതല ജുഡീഷ്യറിക്കുണ്ട്. ജുഡീഷ്യല്‍ മാര്‍ഗങ്ങളിലൂടെ ഇസ്രഈലിനെയും യു.എസിനെയും അവരുടെ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മറുപടി പറയാന്‍ ബാധ്യസ്ഥരാക്കണമെന്നും മുജ്തബ ഖാംനഇ അഭിപ്രായപ്പെട്ടു.
Content highlight: Iranian Supreme Leader Mojtaba Khamenei calls for legal action against US, Israel war crimes